യശ്വന്ത് സിന്‍ഹക്കെതിരെ ബിജെപി നടപടി എടുക്കില്ലെന്ന് സൂചന

Update: 2018-05-29 13:41 GMT
Editor : Sithara
യശ്വന്ത് സിന്‍ഹക്കെതിരെ ബിജെപി നടപടി എടുക്കില്ലെന്ന് സൂചന
Advertising

അമിത പ്രതികരണം നടത്തി വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയുണ്ടാക്കേണ്ടെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം

കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനത്തില്‍ യശ്വന്ത് സിന്‍ഹക്കെതിരെ ബിജെപി നടപടി എടുത്തേക്കില്ല. അമിത പ്രതികരണം നടത്തി വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയുണ്ടാക്കേണ്ടെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം. സിന്‍ഹക്ക് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി മറുപടി പറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങളിലേക്ക് പാര്‍ട്ടി കടക്കില്ല. അതേസമയം ജെയ്റ്റിലിയുടെ പ്രതികരണത്തിന് മറുപടിയുമായി യശ്വന്ത് സിന്‍ഹ ഇന്ന് വീണ്ടും രംഗത്തെത്തി.

2014ല്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ബിജെപിക്കകത്ത് നിന്ന് ഇത്രയും രൂക്ഷമായ വിമര്‍ശങ്ങള്‍ ഉയരുന്നത്. മുന്‍ ധനമന്ത്രിയും ബിജെപിയിലെ മോദി വിരുദ്ധ പക്ഷമായ അദ്വാനി വിഭാഗത്തില്‍ പെട്ട പ്രധാന നേതാവുമായ യശ്വന്ത് സിന്‍ഹയാണ് ഇതിന് തുടക്കം കുറിച്ചത്. ഇതിന് പിന്നാലെ ആര്‍എസ്എസ് പോഷക സംഘടനകളായ ഭാരതീയ മസ്ദൂര്‍ സംഘ്, ലഘു ഉദ്യോഗ് ഭാരതി തുടങ്ങിയ സംഘടനകളും രംഗത്ത് വന്നിരുന്നു. സിന്‍ഹ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന വികാരം ബിജെപിയിലെ ഒരു വിഭാഗത്തിനുമുണ്ട്.

രാജ്യസഭ എംപി സുബ്രഹ്മണ്യം സ്വാമി നേരത്തെ പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നത് സിന്‍ഹ ലേഖനത്തില്‍ എഴുതിയ കാര്യങ്ങള്‍ തന്നെയാണ്. നോട്ട് നിരോധത്തിനും ജിഎസ്ടിക്കും തൊട്ട് പിന്നാലെ വളര്‍ച്ച നിരക്ക് കുറഞ്ഞതിനെച്ചൊല്ലി പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശം നേരിടുന്ന സമയത്ത് തന്നെയുള്ള സിന്‍ഹയുടെ തുറന്ന് പറച്ചില്‍ സര്‍ക്കാരിന്റെ പ്രതിഛായക്ക് കോട്ടമുണ്ടാക്കിയെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കകത്തുള്ളത്. ഇത് പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് കൂടുതല്‍ സാധുത നല്‍കിയെന്നും നേതൃത്വം കണക്ക്കൂട്ടുന്നു.

എങ്കിലും സിന്‍ഹക്കെതിരെ എന്തെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടി സ്വീകരിക്കാനുള്ള സാധ്യതയില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നയപരമായ വിമര്‍ശമാണ് സിന്‍ഹ നടത്തിയതെന്നും അതിന്റെ പേരിലുള്ള നടപടി വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാക്കാനേ ഉപകരിക്കൂ എന്നും കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News