ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി
മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്ന് നഴ്സ് മീഡിയവണിനോട് പറഞ്ഞു
ഡല്‍ഹി ഐഎല്‍ബിഎസ് ആശുപത്രിയില്‍ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിന് ചികിത്സക്കിടെ അമിത മരുന്ന് നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപണം. ചുരുങ്ങിയ തോതില്‍ നല്‍കേണ്ട മിഡാസോളം എന്ന മരുന്നാണ് അമിത അളവില്‍ നല്‍കിയതെന്ന് ആലപ്പുഴ സ്വദേശിയായ നഴ്സ് പറഞ്ഞു. കൊലപാതക ശ്രമത്തിന് ആശുപത്രി അധികൃതര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം.
ഐഎല്‍ബിഎസ് ആശുപത്രി അധികൃതര്‍ പിരിച്ച് വിടല്‍ നോട്ടീസ് നല്‍കിയതോടെ ശനിയാഴ്ച വൈകീട്ടാണ് ആലപ്പുവ സ്വദേശിയായ നഴ്സ് ആശുപത്രിയിലെ വാഷ്റൂമില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സക്കായി ഐഎല്‍ബിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഈ സമയത്ത് 3-5 മില്ലി വരെ നല്‍കേണ്ട മിഡാസോളം എന്ന മരുന്ന് 40 മില്ലി വരെ നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ കൊലപാതക ശ്രമത്തിന് ആശുപത്രി അധികൃതര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും നഴ്സ് വ്യക്തമാക്കി. തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന ഭീഷണി ആശുപത്രി അധികൃതര്‍ ഇതിന് മുന്‍പും നടത്തിയതായി നഴ്സ് പറഞ്ഞു.
നഴ്സിനെ ജോലിയില്‍ തിരിച്ചെടുക്കാനും പ്രശ്നപരിഹാരത്തിനും ഇടപെടണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നേഴ്സ് അസോസിയേഷന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ബന്ധപ്പെട്ട് പരിഹാര ശ്രമങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അസോസിയേഷന്‍ അറിയിച്ചു.