മുസ്‌ലിംകള്‍ പേടിക്കണം, താടിയും തൊപ്പിയും ധരിച്ചവര്‍ മിണ്ടരുത്: ഗുജറാത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ഭീഷണി

Update: 2018-05-29 07:23 GMT
Editor : Sithara
മുസ്‌ലിംകള്‍ പേടിക്കണം, താടിയും തൊപ്പിയും ധരിച്ചവര്‍ മിണ്ടരുത്: ഗുജറാത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ഭീഷണി
Advertising

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വര്‍ഗീയവിഷം ചീറ്റി ബിജെപി സ്ഥാനാര്‍ഥി ശൈലേഷ് സോട്ടയുടെ പ്രസംഗം.

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വര്‍ഗീയവിഷം ചീറ്റി ബിജെപി സ്ഥാനാര്‍ഥി ശൈലേഷ് സോട്ടയുടെ പ്രസംഗം. മുസ്‌ലിംകള്‍ക്കിടയില്‍ ഭീതി വളര്‍ത്താനാണ് താനിവിടെ എത്തിയതെന്ന് പൊതുവേദിയില്‍ ശൈലേഷ് സോട്ട പറഞ്ഞു. ഹിന്ദുക്കള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ദബോയി മണ്ഡലത്തില്‍ നിന്നാണ് ശൈലേഷ് ജനവിധി തേടുന്നത്.

"ഞാന്‍ ജനിച്ച ഈ രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യാനും തയ്യാറാണ്. 90 ശതമാനം വരുന്ന ഭൂരിപക്ഷത്തിന് വേണ്ടി ഞാന്‍ പോരാടും. ബാക്കിയുള്ള 10 ശതമാനം വരുന്ന ന്യൂനപക്ഷം ശബ്ദമുയര്‍ത്തരുത്. താടിയും തൊപ്പിയും ധരിച്ചവര്‍ മിണ്ടാനോ കണ്ണ് തുറക്കാനോ പാടില്ല"- ശൈലേഷ് സോട്ട പറഞ്ഞു. ഗുജറാത്തില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കേയാണ് സോട്ടയുടെ വര്‍ഗീയ പരാമര്‍ശം.

യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് സോട്ട ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി അഭിപ്രായപ്പെട്ടു. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഗുജറാത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നും പ്രിയങ്ക പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News