ദലിതര്‍ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ചുള്ള ബന്ദില്‍ മഹാരാഷ്ട്ര സ്തംഭിച്ചു
പ്രഖ്യാപിച്ച സമയം അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കില്‍ക്കെ ബന്ദ് അവസാനിപ്പിക്കുന്നതായി ദളിത് നേതാവ് പ്രകാശ് അംബേദ്കര്‍ അറിയിച്ചു.
മറാത്തി ദളിത് സംഘര്‍ഷത്തിന് പിന്നാലെ പ്രഖ്യാപിച്ച ബന്ദില്‍ മഹാരാഷ്ട്രയില്‍ ദലിത് പ്രതിഷേധം ഇരമ്പി. മുംബൈ, പുനെ, താനെ നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ റോഡും റെയില്‍ പാളങ്ങളും ഉപരോധിച്ചു. സംഘര്‍ഷത്തില്‍ ഹിന്ദുത്വ സംഘടനകള്‍ക്കും ആര്‍എസ്എസിനും പങ്കുണ്ടെന്ന് പ്രതിപക്ഷം പാര്‍ലമെന്റില്‍ ആരോപിച്ചു. ആരോപണം ആര്‍എസ്എസ് നിഷേധിച്ചു.
1818 ലെ ഭീമ കൊറിഗാവ് യുദ്ധത്തിന്റെ വാര്‍ഷിക ദിനമായിരുന്ന ഈമാസം ഒന്നിന് പൂനെയില്‍ ദളിത് വിഭാഗത്തെ മറാത്ത വിഭാഗം അക്രമിച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. ഇന്നലെ ദളിത് വിഭാഗത്തിലെ ഒരാള്‍ കൊല്ലപ്പെട്ടതോടെ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്യുകയായിരുന്നു. പുനെ, താനെ, മുംബൈ നഗരങ്ങളില്‍ റെയില്‍വെ സ്‌റ്റേഷനുകളില്‍ പ്രതിഷേധക്കാര്‍ രാവിലെ മുതല്‍ ട്രെയിന്‍ തടഞ്ഞു. നിരത്തിലിറങ്ങിയ ബസ്സുകളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെയും അക്രമമുണ്ടായി. സംഘര്‍ഷത്തിന് കാരണം ആര്‍എസ്എസ് ഉള്‍പ്പെടുന്ന ഹിന്ദുത്വ സംഘടനകളുടെ കോണ്‍ഗ്രസ്സും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും പാര്‍ലമെന്റിലെ ഇരു സഭകളിലും ആരോപിച്ചു. സുപ്രീംകോടതി മേല്‍ നോട്ടത്തില്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇതേ തുടര്‍ന്നുള്ള ബഹളത്തില്‍ ലോകസഭ ഇന്നത്തേക്ക് നിര്‍ത്തിവച്ചു. രാജ്യസഭ നടപടികള്‍ പല തവണ തടസപ്പെട്ടു. കോണ്‍ഗ്രസ്സ് രാഷ്ട്രീയം കളിക്കുന്നുവെന്നും സംഘര്‍ഷം വലുതാക്കുന്നുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പ്രഖ്യാപിച്ച സമയം അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കില്‍ക്കെ ബന്ദ് അവസാനിപ്പിക്കുന്നതായി ദളിത് നേതാവ് പ്രകാശ് അംബേദ്കര്‍ അറിയിച്ചു.