ഫ്ലിപ്പ്കാര്‍ട്ട് 700 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു
കമ്പനി നല്‍കിയിരുന്ന ഓഫറുകള്‍ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് ഫ്ലിപ്കാര്‍ട്ടിന്റെ പുതിയ നടപടി
പ്രമുഖ ഇ-കൊമേഴ്‌സ് വൈബ്സൈറ്റായ ഫ്ലിപ്പ്കാര്‍ട്ട് 700 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു. ജോലിയില്‍ മികവ് കാട്ടാത്ത ജീവനക്കാരെ നിരീക്ഷിച്ച് വരികയാണെന്ന് കമ്പനി വക്താവ് പറഞ്ഞു. കമ്പനി നല്‍കിയിരുന്ന ഓഫറുകള്‍ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് ഫ്ലിപ്കാര്‍ട്ടിന്റെ പുതിയ നടപടി. ഐ ഐ ടി, ഐ ഐ എം എന്നിവിടങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്‌ത ട്രെയിനികളെയാണ് ഫ്ലിപ് കാര്‍ട്ട് പിരിച്ചുവിടുന്നത്.
ജോലിയില്‍ നിശ്ചിത പ്രവര്‍ത്തന മികവ് കാണിക്കാത്തവരെയാണ് പുറത്താക്കുന്നത്. പിരിച്ചുവിടുന്നതിന് പിന്നില്‍ സാമ്പത്തിക പരാധീനയതയല്ല കാരണമെന്നും ഇത്തരം പിരിച്ചുവിടലുകള്‍ വന്‍കിട കമ്പനികളില്‍ പതിവാണെന്നും ഫ്ലിപ്പ്കാര്‍ട്ട് അധികൃതര്‍ അറിയിച്ചു. മികവ് കാണിക്കാത്തവര്‍ രാജിവെക്കുകയോ നടപടികള്‍ നേരിടുകയോ വേണമെന്ന് കന്പനി വ്യക്തമാക്കിയതായാണ് സൂചന. ആകെ ജീവനക്കാരുടെ മൂന്ന് ശതമാനം പിരിച്ചുവിടല്‍ നേരിടേണ്ടിവരും.
ബെംഗളുരു ആസ്ഥാനമായ ഫ്ലിപ്പ്കാര്‍ട്ട് കമ്പനിയില്‍ ഏകദേശം മുപ്പതിനായിരം ജീവനക്കാരാണുള്ളത്. ആമസോണ്‍ പോലുള്ള കമ്പനികളില്‍ നിന്ന് ശക്തമായ വെല്ലുവിളി നേരിട്ട ഫ്ലിപ്പ്കാര്‍ട്ടിന്റെ ലാഭത്തില്‍ ഈ വര്‍ഷം വന്‍ കുറവുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കമ്പനി നല്‍കിവന്ന ഓഫറുകള്‍ വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തിരുന്നു.