കാണാതായ വിദ്യാര്‍ഥി നജീബിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്; വ്യാപക പ്രതിഷേധം

Update: 2018-05-30 18:28 GMT
Editor : Ubaid
കാണാതായ വിദ്യാര്‍ഥി നജീബിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്; വ്യാപക പ്രതിഷേധം
Advertising

നജീബിനെ കാണാതായതിന് ശേഷം നൂറ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഡല്‍ഹി പൊലീസ് നടത്തുന്ന അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ എ.ബി.വി.പി പ്രവര്‍ത്തകരാല്‍ അക്രമിക്കപ്പെട്ട ശേഷം കാണാതായ വിദ്യാര്‍ത്ഥി നജീബിന്‍റെ വീട്ടില്‍ പൊലീസ് റെയ്ഡ്. ഉത്തര്‍പ്രദേശിലെ ബദാഉനിലുള്ള നജീബിന്‍റെ കുടുംബ വീട്ടിലാണ് ഡല്‍ഹി പൊലീസ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ റെയ്ഡ് നടത്തിയത്. ഏഴുപതോളം വരുന്ന പൊലീസ് സംഘമാണ് റെയ്ഡില്‍ ഉണ്ടായിരുന്നത്.

വീട്ടിലുണ്ടായിരുന്ന നജീബിന്റെ ബന്ധുക്കളെ പൊലീസ് സംഘം കയ്യേറ്റം ചെയ്തതായും, മോശമായി പെരുമാറിയതായും പരാതിയുണ്ട്. സമീപത്തുള്ള നജീബിന്റെ സുഹൃത്തുക്കളുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി. നജീബിനെ കാണാതായതിന് ശേഷം നൂറ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഡല്‍ഹി പൊലീസ് നടത്തുന്ന അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. കാണാതാകുന്നതിന് തൊട്ട് മുമ്പ് നജീബിനെ അക്രമിച്ച എബിവിപി പ്രവര്‍ത്തകരെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ നജീബിന്റെ മാതാപിതാക്കളും ജെഎന്‍യു വിദ്യാര്‍ത്ഥികളും, ഇതര വിദ്യാര്‍ത്ഥി സംഘടനകളും കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി നിരന്തര സമരത്തിലാണ്. എബിവിപി പ്രവര്‍ത്തകരെ സംരക്ഷിക്കാനാണ് പൊലീസും ജെഎന്‍യു അധികാരികളും ശ്രമിക്കുന്നതെന്ന ആരോപണവും ശക്തമാണ്. ഈ സാഹചര്യത്തില്‍ നജീബിന്‍റെ കുടുംബ വീട്ടില്‍ നടന്ന പൊലീസ് റെയ്ഡില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News