മുത്തലാഖ് കേസ്: ബഹുഭാര്യത്വവും, നിഖാഹ് ഹലാലയും പരിഗണനാ വിഷയമല്ലെന്ന് സുപ്രിം കോടതി

Update: 2018-05-30 01:34 GMT
Editor : Ubaid
മുത്തലാഖ് കേസ്: ബഹുഭാര്യത്വവും, നിഖാഹ് ഹലാലയും പരിഗണനാ വിഷയമല്ലെന്ന് സുപ്രിം കോടതി
Advertising

(മുത്തലാഖിന്റെ ഭരണഘടനാസാധുത പരിശോധിക്കുന്ന സുപ്രിം കോടതി ഭരണഘടന ബെഞ്ചില്‍ നടന്ന ആദ്യ ദിവസത്തെ വാദത്തിന്‍റെ പ്രസക്ത വിവരങ്ങള്‍)

സവാദ് മുഹമ്മദ്

മുത്തലാഖ് കേസില്‍ ബഹുഭാര്യാത്വം, നിഖാഹ് ഹലാല എന്നീ വിഷയങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് വ്യകമാക്കിയാണ് സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ച് വാദം കേള്‍ക്കല്‍ ആരംഭിച്ചത്. മുത്തലാഖിന്‍റെ ഭരണഘടനാ സാധുത മാത്രമാണ് കോടതി പരിശോധിക്കുക. മുത്തലാഖ് മൌലികാവകാശപ്രകാരമുള്ള മതവിശ്വാസത്തിന്‍റെ ഭാഗമാണ് എന്ന് തെളിഞ്ഞാല്‍ ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര് മേത്തയാണ് മുത്തലാഖിനൊപ്പം മുസ്ലിം സമുദായത്തില്‍ പ്രചാരത്തിലുള്ള ബഹു ഭാര്യത്വം, നിഖാഹ് ഹലാല എന്നീ വിഷയങ്ങളും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിച്ചില്ല. മുത്തലാഖിന‍് ഭരണഘടന സാധുതയുണ്ടോ, മുത്തലാഖ് ഇസ്ലാമിക വിശ്വാസത്തിന്‍റെ മൌലിക വിഷയങ്ങളില്‍ ഉള്‍പ്പെടുന്നതാണോ എന്നിവ മാത്രമാണ് പരിശോധിക്കുക. ബഹുഭാര്യത്വം, നിഖാഹ് ഹലാല എന്നീ വിഷയങ്ങള്‍ വേറെ പരിശോധിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. ത്വലാഖ് ചൊല്ലിയ സ്ത്രീയെ വീണ്ടും വിവാഹം ചെയ്യണമെങ്കില്‍ ആ സ്ത്രീ മറ്റൊരാളെ വിവാഹം ചെയ്ത ശേഷം വിവാഹ മോചനം നേടണം. ഇത് മറികടക്കാനായി നടത്തുന്ന താല്‍ക്കാലിക വിവാഹങ്ങളെയാണ് നിഖാഹ് ഹലാല എന്നത് കൊണ്ടുദ്ദേശിക്കുന്നത്.

മുത്തലാഖിനെതിരായ മുഖ്യ പരാതിക്കാരി ശഹരിയ ബാനുവിന്‍റെ വാദമാണ് ഇന്ന് കോടതി പ്രധാനമായും കേട്ടത്. നിരവധി മുസ്ലിം രാജ്യങ്ങളില്‍ മുത്തലാഖ് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. പിന്നെയെന്ത് കൊണ്ട് ഇന്ത്യയില്‍ മാത്രമം നിരോധിച്ച് കൂടാ എന്ന് ശഹരിയാ ബാനുവിന്‍റെ അഭിഭാഷകന്‍ വാദിച്ചു. ഇസ്ലാമിക രാജ്യങ്ങളില്‍ മുത്തലാഖ് നിരോധിച്ചികൊണ്ട് പാസ്സാക്കിയ നിയമങ്ങള്‍ പരിശോധിക്കുമെന്ന് കോടതി പറഞ്ഞു. എന്താണ് ഇസ്ലാമിക വ്യക്തി നിയമമെന്നും, ശരീഅത്ത് നിയമങ്ങളാണോ അതിന്‍റെ അടിസ്ഥാനമെന്നും കോടതി ചോദിച്ചു. ത്വലാഖിന് മതിയായ കാരണങ്ങള്‍ ഉണ്ടാകണം, മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തണം, നഷ്ടപരിഹാരം ഉറപ്പ് വരുത്തണം തുടങ്ങിയ ഇസ്ലാം അനുശാസിക്കുന്ന വ്യവസ്ഥകളെല്ലാം മുത്തലാഖില്‍ ലംഘിക്കപ്പെടുന്നുണ്ടെന്നും പരാതിക്കാരിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ മുത്തലാഖ് വിശ്വാസത്തിന്‍റെയും, വ്യക്തി നിയമത്തിന്‍റെയും ഭാഗമാണെന്നും അതിലിടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. എല്ലാ വ്യക്തി നിയമങ്ങളും കേന്ദ്രത്തിന്‍റെ ചട്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ മാറ്റം വരുത്തേണ്ടത് പാര്‍ലമെന്‍റാണെന്നും സിബല്‍ വാദിച്ചു.

ഇന്നത്തെ കോടതി നടപടികളില്‍ ഏറ്റവും പ്രസക്തമായ വാദങ്ങള്‍ ഉന്നയിച്ചത് പരാതിക്കാരില്‍ ഒരാളുടെ അഭിഭാഷകയായ ഇന്ദിര ജയ്സിംഗാണ്. എല്ലാ വ്യക്തി നിയമങ്ങളും ഭരണഘടനയുടെ പതിമൂന്നാം ആര്‍ട്ടിക്കിളിന്‍റെ പരിധിയില്‍ പെടുമോ എന്നകാര്യത്തില്‍ കോടതി തീര്‍പ്പുണ്ടാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഭരണഘടന പ്രകാരമുള്ള മൌലികവകാശങ്ങള്‍ക്ക് വിരുദ്ധമായ എല്ലാ നിയമങ്ങളും അസാധുവാണെന്നാണ് ആര്‍ട്ടിക്കിള്‍ പതിമൂന്നില്‍ പറയുന്നത്. അതിനാല്‍ മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍, പാഴ്സി ഉള്‍പ്പെടെയുള്ള എല്ലാ വ്യക്തി നിയമങ്ങളും മൌലികാവകാശങ്ങളുടെ അടിസ്ഥാനത്തില്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കണം. വ്യക്തി നിയമങ്ങള്‍ ആര്‍ട്ടിക്കിള്‍ പതിമൂന്നിന് കീഴില്‍ വരില്ലെന്ന ബോംബെ ഹൈക്കോടതി വിധി പുനഃപ്പരിശോധിക്കണമെന്നും ഇന്ദിര ജയ്സിംഗ് ആവശ്യപ്പെട്ടു. വ്യക്തി നിയമങ്ങള്‍ മത നിയമങ്ങളല്ല. മതത്തിന്‍റെ സംരക്ഷണയില്‍ നിലനില്‍ക്കുക മാത്രമാണ് ചെയ്യുന്നത്. ഒരു തരത്തില്‍ നോക്കുകയാണെങ്കില്‍ മുസ്ലിം വ്യക്തി നിയമം ഭേദമാണ്, അതില്‍ വിവാഹത്തിന് മുമ്പ് സ്ത്രീയുടെ സമ്മതം ആവശ്യമാണ്. ഹിന്ദു സമുദായത്തില്‍, സ്ത്രീ മണ്ഡപത്തില്‍ കയറുന്നതാണ് സമ്മതമായി കണക്കാക്കുന്നത്. അതിനാല്‍ എല്ലാ വ്യക്തി നിയമങ്ങളുടെയും ഭരണഘടന സാധുത പരിശോധിക്കണമെന്നും ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു. വ്യക്തി നിയമങ്ങള്‍ മതത്തെ അടിസ്ഥാനപ്പെടുത്തിയും, അല്ലാതെയും ആകാമെന്ന് ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ ഇതിന് മറുപടിയായി പറഞ്ഞു.

മുത്തലാഖ് വിഷയത്തിലെ മുന്‍ നിലപാട് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. ലിംഗ സമത്വത്തിന് വിരുദ്ധമാണ് മുത്തലാഖെന്നും, സ്ത്രീ സമത്വത്തിനും, ലീംഗ നീതിക്കും വേണ്ടി മുത്തലാഖിനെ എതിര്‍ക്കുന്നുവെന്നും കേന്ദ്രം കോടതിയില്‍ വാദിച്ചു. വിഷയത്തിലെ കേന്ദ്ര സര്‍ക്കാരിന്‍റെ വിശദ വാദം അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തകി പതിനഞ്ചാം തിയ്യതി നടത്തും. മുസ്ലിം വുമണ്‍ ക്വസ്റ്റ് ഫോര്‍ ഇക്വാലിറ്റി, ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി എന്നീ സംഘടനകളും, മുത്തലാഖിലൂടെ വിവാഹ മോചിതരായ ആറ് മുസ്ലിം സ്ത്രീകളുമാണ് കേസിലെ പരാതിക്കാര്‍. ഇവര്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാരും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് തുടങ്ങിയവരാണ് എതിര്‍ കക്ഷികള്‍. തുടര്‍ച്ചയായ ആറ് ദിവസം വാദം കേട്ട് കോടതി തീര്‍പ്പ് കല്‍പ്പിക്കും. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍, ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, രോഹിങ്ടണ്‍ ഫാലി നരിമാന്‍, എസ് അബ്ദുല്‍ നസീര്‍, യു.യു ലളിത് എന്നിവരാണ് ഭരണഘടന ബെഞ്ചിലെ അംഗങ്ങള്‍.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News