ഗുജറാത്തില്‍ നോട്ട് നിരോധവും ജിഎസ്‍ടിയും മുഖ്യവിഷയങ്ങള്‍; ബിജെപി പ്രതിരോധത്തില്‍

Update: 2018-05-30 12:30 GMT
Editor : Sithara
ഗുജറാത്തില്‍ നോട്ട് നിരോധവും ജിഎസ്‍ടിയും മുഖ്യവിഷയങ്ങള്‍; ബിജെപി പ്രതിരോധത്തില്‍
Advertising

ബിജെപി ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഗുജറാത്ത് ചര്‍ച്ച ചെയ്യുന്നത് ജിഎസ്ടിയും നോട്ട് നിരോധവും തൊഴിലില്ലായ്മയുമാണ്.

നോട്ട് നിരോധം, ജിഎസ്ടി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഗുജറാത്തില്‍ പ്രചാരണ വിഷയമാകുമ്പോള്‍ പ്രതിരോധത്തിലാവുകയാണ് ബിജെപി. സംസ്ഥാനത്തെത്തുന്ന കേന്ദ്രമന്ത്രിമാര്‍ ഈ വിഷയങ്ങളില്‍ മറുപടി പറയാന്‍ നിര്‍ബന്ധിതമാകുമ്പോള്‍, പ്രചാരണം ഇതര വിഷയങ്ങളിലേക്ക് വഴിതിരിച്ച് വിടാനാണ് മുഖ്യമന്ത്രി വിജയ് രൂപാനി ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ ശ്രമിക്കുന്നത്. ബിജെപി ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഗുജറാത്ത് ചര്‍ച്ച ചെയ്യുന്നത് ജിഎസ്ടിയും നോട്ട് നിരോധവും തൊഴിലില്ലായ്മയുമാണ്.

പ്രചാരണ വിഷയം വഴിതിരിച്ച് വിടാനുള്ള ശ്രമം സംസ്ഥാന ബിജെപി നേതാക്കള്‍ കൊണ്ടുപിടിച്ച് നടത്തുന്നുണ്ട്. ഉദാഹരണത്തിന് നര്‍മദ പദ്ധതിക്ക് കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ തടസ്സം നിന്നുവെന്ന ആരോപണം മുഖ്യമന്ത്രി വിജയ് രൂപാനി ഇന്നലെ ഉയര്‍ത്തി. ജിഎസ്ടിയും നോട്ട് നിരോധവും തെരഞ്ഞെടുപ്പില്‍ വലിയ ചലനമുണ്ടാക്കില്ലെന്നാണ് ബിജെപി പുറമേക്ക് അവകാശപ്പെടുന്നത്.

നോട്ട് നിരോധം കഴിഞ്ഞ ഉടനെയാണ് ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ട് ഇതൊന്നും വലിയ വിഷയമാകില്ല. കാരണം ജനങ്ങള്‍ ഈ തീരുമാനത്തെ ഇഷ്ടപ്പെടുന്നു. അവര്‍ പ്രധാനമന്ത്രിക്ക് അനുകൂലമാണ് എന്നാണ് നേതാക്കളുടെ അവകാശവാദം.

അതേസമയം വ്യാപാരികളുടെ അതൃപ്തി പരിഹരിക്കാനുള്ള തിരക്കിട്ട ശ്രമങ്ങള്‍ ബിജെപി സംസ്ഥാനത്ത് നടത്തുന്നുമുണ്ട്. പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്, സര്‍ക്കാര്‍ സംവാദാത്മകമാണെന്ന്. അതുകൊണ്ട് വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മാറ്റങ്ങള്‍ ജിഎസ്ടിയില്‍ വരുത്തും. അവരുടെ അഭിപ്രായങ്ങള്‍ക്ക് അനുസൃതമായി നികുതി നിരക്കില്‍ മാറ്റം വരുത്തുമെന്നാണ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ പ്രചരിപ്പിക്കുന്നത്.

ചുരുക്കത്തില്‍ ഗുജറാത്തി പ്രൈഡും ഗുജറാത്ത് മോഡല്‍ വികസനവും തീവ്ര ഹിന്ദുത്വവുമൊക്കെ അരികിലേക്ക് മാറ്റിനിര്‍ത്തിയ പ്രചാരണമാണ് ഗുജറാത്തില്‍ ചൂട് പിടിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News