കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്ട്രമഞ്ചുമായി യശ്വന്ത് സിന്‍ഹ
കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങള്‍ രാജ്യത്തെ പുറകോട്ടടിക്കുകയാണെന്ന് യശ്വന്ത് സിന്‍ഹ കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിനെതിരെ ദേശീയ തലത്തില്‍ പുതിയ സംഘടനയുമായി മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ രംഗത്ത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളുമായി ചേര്‍ന്നാണ് പുതിയ സംഘടനയ്ക്ക് യശ്വന്ത് സിന്‍ഹ രൂപം നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങള്‍ രാജ്യത്തെ പുറകോട്ടടിക്കുകയാണെന്ന് യശ്വന്ത് സിന്‍ഹ കുറ്റപ്പെടുത്തി.
ഏറെക്കാലമായി നരേന്ദ്ര മോദിയേയും കേന്ദ്രസര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിക്കുന്ന യശ്വന്ത് സിന്‍ഹ ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കാനാണ് പുതിയ സംഘടന രൂപീകരിച്ചതെന്ന് അവകാശപ്പെട്ടു. എന്നാല്‍ രാഷ്ട്രമഞ്ച് രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ വികലമായ നയങ്ങള്‍ രാജ്യത്തെ പിന്നോട്ടടിച്ചെന്നും വ്യാവസായിക, കാര്‍ഷിക മേഖലകളെല്ലാം തന്നെ തകര്‍ന്നടിഞ്ഞെന്നും മുന്‍ കേന്ദ്രമന്ത്രികൂടിയായ യശ്വന്ത് സിന്‍ഹ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും നീതിന്യായസ്ഥാപനങ്ങളും അന്വേഷണ ഏജന്‍സികളുമെല്ലാം അട്ടിമറിക്കപ്പെട്ടെന്നും യശ്വന്ത് സിന്‍ഹ കുറ്റപ്പെടുത്തി. പാര്‍ലമെന്‍റിലെ ചര്‍ച്ചകള്‍ പോലും സര്‍ക്കാര്‍ ഭയപ്പെടുകയാണെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
ബിജെപി എംപി ശത്രുഘനന്‍ സിന്‍ഹ, തൃണമൂല്‍ കോണ്‍ഗ്രസ് എംപി ദിനേഷ് ത്രിവേദി, എഎപി നേതാവ് അശുതോഷ് തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളും രാഷ്ട്ര മഞ്ചിന്‍റെ രൂപീകരണ യോഗത്തില്‍ പങ്കെടുത്തു.