ഇന്ത്യന്‍ സൈന്യത്തെ ഇസ്രയേലിനോട് താരതമ്യം ചെയ്‍ത് മോദി
ഹിമാചൽ പ്രദേശിൽ സംഘടിപ്പിച്ച റാലിക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിൽ അടുത്ത വർഷമാണ് തിരഞ്ഞെടുപ്പ്
ഇന്ത്യന്‍ സൈന്യത്തെ പുകഴ്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ സൈന്യം മറ്റാര്‍ക്കും പിന്നിലല്ലെന്ന് തെളിയിക്കാന്‍ മിന്നലാക്രമണത്തോടെ സാധിച്ചുവെന്ന് മോദി പറഞ്ഞു. ഇപ്പോള്‍ എല്ലായിടത്തും ഇതാണ് ചര്‍ച്ചാ വിഷയം, സൈനിക തിരിച്ചടികൊണ്ട് ഇന്ത്യയുടെ സൈനിക ശക്തി ഒരിക്കല്‍ കൂടി വെളിപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭീകരവാദത്തിനെതിരെ ഇസ്രായേലടക്കമുള്ള രാജ്യങ്ങള്‍ അവലംബിച്ച ഈ രീതി നേരത്തെ സ്വീകരിക്കേണ്ടതായിരുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഹിമാചൽ പ്രദേശിൽ സംഘടിപ്പിച്ച റാലിക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിൽ അടുത്ത വർഷമാണ് തിരഞ്ഞെടുപ്പ്. ലോക്‍സഭാ തിരഞ്ഞെടുപ്പ് ജയിച്ചതിനു ശേഷം ആദ്യമായാണ് മോദി ഹിമാചൽ സന്ദർശിക്കുന്നത്.
ഹിമാചൽ പ്രദേശിനെ ‘ദേവഭൂമി’യും ‘വീരഭൂമി’യുമെന്നാണ് മോദി വിശേഷിപ്പിച്ചത്. വൺ റാങ്ക് വൺ പെൻഷൻ പദ്ധതി നടപ്പാക്കിയത് എൻഡിഎ സർക്കാർ ആണെന്നും വിരമിച്ച സൈനികരും അവരുടെ കുടുംബവും ഇപ്പോൾ തന്നെ അനുഗ്രഹിക്കുകയാണെന്നും മോദി പറഞ്ഞു.
40 വർഷമായി വൺ റാങ്ക് വൺ പെൻഷൻ പദ്ധതി കുടുങ്ങിക്കിടക്കുകയായിരുന്നു. എൻഡിഎ സർക്കാരാണ് അതിന്റെ കുരുക്കഴിച്ചത്. ഹിമാചലിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഗ്യാസ് കണക്ഷൻ ലഭ്യമാക്കുമെന്നും മോദി വാഗ്ദാനം ചെയ്തു.