രാജ്യത്ത് മതേതരത്വവും ജനാധിപത്യവും സ്വാതന്ത്ര്യവും തകര്‍ന്നു: സോണിയാഗാന്ധി
പ്രധാനമന്ത്രിയുടെ കോണ്‍ഗ്രസ് വിമര്‍ശത്തിന് മറുപടിയുമായി സോണിയാ ഗാന്ധി.
പ്രധാനമന്ത്രിയുടെ കോണ്‍ഗ്രസ് വിമര്‍ശത്തിന് മറുപടിയുമായി സോണിയാ ഗാന്ധി. നാല് വര്‍ഷം നീണ്ട് ബിജെപി ഭരണം രാജ്യത്ത് ഭയവും ഭീതിയും ഉണ്ടാക്കി. മതേതരത്വവും ജനാധിപത്യവും സ്വാതന്ത്ര്യവും തകര്‍ക്കപ്പെട്ടെന്നും സോണിയ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ അവകാശവാദങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും വ്യത്യസ്തമാണെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തില്‍ സോണിയാ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം തുടരവെയാണ് സോണിയാ ഗാന്ധിയുടെ പ്രതികരണം. പാര്‍ലമെന്റും നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും സാധാരണക്കാരും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ അന്വേഷണ ഏജന്‍സികളെ അഴിച്ച് വിടുന്നത് രാജ്യത്ത് ഭയവും ഭീതിയുമാണ് വളര്‍ത്തുന്നത്. രാജ്യത്തിന്റെ ബഹുസ്വരത നശിപ്പിക്കപ്പെട്ടെന്നും സോണിയാ ഗാന്ധി പറഞ്ഞു.
ഈ ഒരു സാഹചര്യത്തിലും തിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവക്കുന്നത്. ഗുജറാത്തിലും രാജ്യസ്ഥാന്‍ ഉപതെരഞ്ഞെടുപ്പിലും ഉണ്ടായ വിജയം കര്‍ണാടകയിലും ആവര്‍ത്തിക്കും. മാറ്റത്തിന്റെ കാറ്റാണ് വീശിക്കൊണ്ടിരിക്കുന്നത്. പുതിയ കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി തന്‍റെയും നേതാവാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.