തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിച്ചാല്‍ താരങ്ങള്‍ക്ക് ജയില്‍ശിക്ഷ
ഇന്ന് വിപണിയിലെത്തുന്ന മിക്ക ഉത്പന്നങ്ങളുടെയും പരസ്യങ്ങള്‍ അതിശയോക്തി കലര്‍ന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് ആക്ഷേപം.
ഇന്ന് വിപണിയിലെത്തുന്ന മിക്ക ഉത്പന്നങ്ങളുടെയും പരസ്യങ്ങള്‍ അതിശയോക്തി കലര്‍ന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് ആക്ഷേപം. ഇതുമൂലം ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്നുവെന്ന് പരാതി രൂക്ഷമായതോടെ ഉപഭോക്തൃ നിയമത്തില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങളില്‍ ഇനി അഭിനയിക്കുന്നതിന് മുമ്പ് സെലിബ്രിറ്റികള്‍ രണ്ടാമതൊന്ന് ആലോചിക്കുന്നത് ഉചിതമായിരിക്കും. പൊള്ളയായ പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് മേല്‍ പിടിവീഴുമെന്നാണ് പുതിയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമായ പരസ്യങ്ങളുടെ ഭാഗമാകുന്ന താരങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ ജയില്‍ശിക്ഷയും 50 ലക്ഷം രൂപ പിഴയും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം പരസ്യങ്ങളെ നിയന്ത്രിക്കുന്നതിനുള്ള വഴികള്‍ തേടുന്നതിന് നിയോഗിച്ച പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ഈയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ആദ്യത്തെ തെറ്റിന് രണ്ടു വര്‍ഷം തടവും പത്തു ലക്ഷം രൂപ പിഴയും ശിക്ഷ നല്‍കുമ്പോള്‍ തുടര്‍ച്ചയായി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ മുഖമാകുന്ന താരങ്ങള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുന്ന തരത്തിലാണ് പുതിയ ഭേദഗതി വരുന്നത്.