പാതയോരങ്ങളിലെ മദ്യനിരോധം: രാഷ്ട്രപതിയുടെ റഫറന്‍സിന് നീക്കം
നിരോധം ഏര്‍പ്പെടുത്തിയ വിധിയില്‍ വിശദീകരണം തേടി സുപ്രീം കോടതിക്ക് റഫറന്‍സ് നല്‍കാന്‍ രാഷ്ട്രപതിയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും
പാതയോരങ്ങളിലെ മദ്യനിരോധനത്തെ മറികടക്കാന്‍ രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്ര സര്‍ക്കാര്‍ നീക്കം. നിരോധം ഏര്‍പ്പെടുത്തിയ വിധിയില്‍ വിശദീകരണം തേടി സുപ്രീം കോടതിക്ക് റഫറന്‍സ് നല്‍കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടേക്കും. കര്‍ണ്ണാടക ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സുപ്രീംകോടതിയുടെ വിധി നിയമപരമായ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം തേടി റഫറന്‍സ് നല്‍കാന്‍ ഭരണഘടനയുടെ 143ആം അനുഛേദപ്രകാരം രാഷ്ട്രപതിക്ക് അധികാരമുണ്ട്. ടുജി സ്പെക്ട്രം വിധിയുമായി ബന്ധപ്പെട്ടാണ് അവസാനമായി ഇത്തരത്തില്‍ റഫറന്‍സ് നല്‍കിയത്. സമാനമായ രീതിയില്‍ മദ്യനിരോധന ഉത്തരവില്‍ വിശദീകരണം തേടി റഫറന്‍സ് നല്‍കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടാനാണ് കേന്ദ്രം ആലോചിക്കുന്നത്.
കര്‍ണ്ണാടക ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ സംസ്ഥാനങ്ങള്‍ ആവശ്യം ഉന്നയിച്ചാല്‍ ഇതേക്കുറിച്ച് ഗൌരവതരമായി ആലോചിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. വിഷയത്തില്‍ അറ്റോര്‍ണി ജനറലിന്‍റെ നിയമോപദേശവും കേന്ദ്രം തേടിയേക്കും. സുപ്രീം കോടതി ഉത്തരവിനെതിരെ പുനപരിശോധന ഹരജി നല്‍കുന്ന കാര്യവും കേന്ദ്രം ആലോചിക്കുന്നുണ്ട്. എന്നാല്‍ നിയമപരമായി പുനപ്പരിശോധന ഹരിജിയേക്കാള്‍ ഫലപ്രദം രാഷ്ട്രപതിയുടെ റെഫറന്‍സാണെന്നാണ് വിലയിരുത്തല്‍.
റഫറന്‍സില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് സുപ്രീംകോടതിക്ക് ഉത്തരം നല്‍കാനും നല്‍കാതിരിക്കാനും അധികാരമുണ്ട്. കീഴ്വഴക്കമനുസരിച്ച് മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയില്ലെങ്കിലും റഫറന്‍സ് പൂര്‍ണ്ണമായും പരിഗണിക്കാതിരിക്കാനുള്ള സാധ്യത കുറവാണ്. മൂന്നംഗ ബെഞ്ചിന്‍റെ വിധിയിന്മേലുള്ള റഫറന്‍സ് അഞ്ചംഗ ഭരണഘടന ബെഞ്ചായിരിക്കും പരിഗണിക്കുക എന്നതും സര്‍ക്കാരിന് അനുകൂല ഘടകമാണ്.