ഗുജറാത്തില്‍ ബിജെപി ആറാം തവണയും അധികാരത്തിലേക്ക്

Update: 2018-06-01 14:27 GMT
Editor : Sithara
ഗുജറാത്തില്‍ ബിജെപി ആറാം തവണയും അധികാരത്തിലേക്ക്
Advertising

സൌരാഷ്ട്ര, കച്ച് മേഖലകളില്‍ കോണ്‍ഗ്രസ് മുന്നേറ്റം. മധ്യഗുജറാത്തില്‍ ബിജെപി സ്വാധീനം നിലനിര്‍ത്തി

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലും ഹിമാചലിലും ബിജെപി അധികാരത്തിലേക്ക്. കോണ്‍ഗ്രസില്‍നിന്ന് ശക്തമായ വെല്ലുവിളി നേരിട്ട ഗുജറാത്തില്‍ ബിജെപി മുന്നേറ്റം 99 സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസ് 19 സീറ്റ് അധികം നേടി. ഹിമാചലില്‍ 44 സീറ്റുമായി ബിജെപി ഭരണം തിരിച്ചുപിടിച്ചു.

ഒരുഘട്ടത്തില്‍ 110 സീറ്റിന്റെ അടുത്തുവരെ എത്തിയെങ്കിലും ബിജെപിക്ക് മുന്‍തതൂക്കം നിലനിര്‍ത്താനായില്ല. 2012 ല്‍ നേടിയ 115 സീറ്റില്‍ നിന്ന് ഇക്കുറി 16 സീറ്റാണ് ബിജെപിക്ക് നഷ്ടമായത്. അതേസമയം, വോട്ടിങ് ശതമാനത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നേരിയ നേട്ടമുണ്ടാക്കാനും ബിജെപിക്കായി. കോണ്‍ഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് ഇത്തവണ കാഴ്‍ച്ചവെച്ചത്. 77 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ കൂടെയുണ്ടായിരുന്ന ഭാരതീയ ട്രൈബല്‍ പാര്‍ട്ടി രണ്ടിടത്തും സ്വതന്ത്രനായ ജിഗ്നേഷ് മേവാനിയും വിജയിച്ചു.

വോട്ടിങ് ശതമാനത്തില്‍ രണ്ട് ശതമാനത്തിന്റെ നേട്ടവും കോണ്‍ഗ്രസ് കൈവരിച്ചു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്ന പതിവ് ഇത്തവണയും ഹിമാചല്‍ തെറ്റിയില്ല. വന്‍ ഭൂരിപക്ഷത്തിലാണ് ബിജെപി ഭരണം തിരിച്ചുപിടിച്ചത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ പ്രതിപക്ഷനേതാവ് പ്രേംകുമാര്‍ ധുമലിന്റെ പരാജയം തിരിച്ചടിയായി. 2012 ലേതിനേക്കാള്‍ 18 സീറ്റ് അധികമായി നേടിയ ബിജെപിക്ക് വോട്ടിങ് ശതമാനത്തിലും വര്‍ധനയുണ്ടായി. കോണ്‍ഗ്രസിന് ആറ് ശതമാനം വോട്ട് കുറഞ്ഞതിനൊപ്പം 15 സീറ്റുകളും നഷ്ടമായി. 93 ന് ശേഷം സംസ്ഥാനത്ത് ആദ്യമായി സിപിഎം ഇത്തവണ ഒരു സീറ്റില്‍ വിജയിച്ചു. 93 ല്‍ ഷിംലയില്‍ നിന്ന് വിജയിച്ച മുന്‍ കേന്ദ്രകമ്മിറ്റി അംഗം രാകേഷ് സിംഗ തന്നെയാണ് തിയോഗ് മണ്ഡലത്തില്‍ നിന്ന് ഇത്തവണ വിജയിച്ചത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News