പദ്മാവതിനായി ഹാജരായ ഹരീഷ് സാല്‍വെക്ക് കര്‍ണിസേനയുടെ ഭീഷണി

Update: 2018-06-01 23:03 GMT
Editor : Sithara
പദ്മാവതിനായി ഹാജരായ ഹരീഷ് സാല്‍വെക്ക് കര്‍ണിസേനയുടെ ഭീഷണി
Advertising

ചിത്രത്തിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്ന കര്‍ണിസേനയാണ് ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയത്.

പദ്മാവത് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കായി സുപ്രിംകോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെക്ക് ഭീഷണി. ചിത്രത്തിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്ന കര്‍ണിസേനയാണ് ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയത്. പദ്മാവതിന് പ്രദര്‍ശനാനുമതി നല്‍കിയ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനെ രാജസ്ഥാനില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും കര്‍ണിസേന വ്യക്തമാക്കി.

സെന്‍സര്‍ ബോര്‍ഡ് ഉപാധികളോടെ പ്രദര്‍ശനാനുമതി നല്‍കിയിട്ടും രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പദ്മാവത് സിനിമയുടെ റിലീസ് വിലക്കിയിരുന്നു. ഇന്നലെ സിനിമയുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് സുപ്രിംകോടതി ഈ വിലക്ക് നീക്കി. രാജ്യ വ്യാപക റിലീസിന് അനുവാദം നല്‍കി. ഈ ഹര്‍ജിയില്‍ നിര്‍മ്മാതാക്കള്‍ക്കായി അനുകൂല വിധി സമ്പാദിച്ച സാഹചര്യത്തിലാണ് അഭിഭാഷകനായ ഹരീഷ് സാല്‍വക്കെതിരെ കര്‍ണിസേന മുഴക്കിയത്. ഇതോടെ ഹരീഷ് സാല്‍വെയുടെ ഓഫീസിന് സുരക്ഷ വര്‍ധിപ്പിച്ചു.

സുപ്രിംകോടതി ഉത്തരവ് മറികടന്ന് ചിത്രത്തിന്‍റെ പ്രദര്‍ശനം തടയും എന്നാണ് കര്‍ണിസേനയുടെ നിലപാട്. പദ്മാവതിന് പ്രദര്‍ശനാനുമതി നല്‍കിയ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിയെ രാജസ്ഥാനിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും കര്‍ണിസേന വ്യക്തമാക്കി. ചിത്രിത്തിന്‍റെ റിലീസ് നിശ്ചയിച്ചിരിക്കുന്ന ഈ മാസം 25ന് ജയ്പൂര്‍ സാഹിത്യ മേളയില്‍ പ്രസൂണ്‍ ജോഷി പങ്കെടുക്കാനിരിക്കെയാണ് കര്‍ണിസേനയുടെ ഭീഷണി.‌ ചരിത്രം വളച്ചൊടിച്ച് റാണി പത്മാവതിയെ മോശക്കാരിയാക്കി ചിത്രീകരിക്കുകയാണ് എന്നാണ് ചിത്രത്തിനെതിരെ പ്രതിഷേധിക്കുന്നവരുടെ ആരോപണം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News