യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ കുത്തിക്കൊന്നു, കണ്ടു നിന്നവര്‍ ഫോട്ടോയെടുത്തു
ഇരുപത്തിമൂന്നുകാരനായ അങ്കിത് എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്
ഡല്‍ഹിയില്‍ ഫോട്ടോഗ്രാഫറായ യുവാവിനെ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ കാമുകിയുടെ വീട്ടുകാര്‍ കുത്തിക്കൊലപ്പെടുത്തി. ഇരുപത്തിമൂന്നുകാരനായ അങ്കിത് എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ, ബന്ധു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഖ്യാല പ്രദേശത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി വീടിനടുത്തുള്ള ഇരുപതുകാരിയുമായി അങ്കിത് പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തിര്‍ത്തിരുന്നു. മുസ്ലിം സമുദായത്തില്‍ പെട്ടതാണ് പെണ്‍കുട്ടി. വ്യാഴാഴ്ച രാത്രി 9 മണിക്ക് വീട്ടിലേക്ക് പോവുകയായിരുന്ന അങ്കിതിനെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും അമ്മാവനും കൂടിച്ചേര്‍ന്ന് അങ്കിതിനെ നടുറോഡിലിട്ട് തല്ലിച്ചതയ്ക്കുകയും കത്തി കൊണ്ട് കുത്തുകയുമായിരുന്നു. യുവാവിന്റെ കഴുത്തിലാണ് കുത്തേറ്റത്. ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. ഈ സമയം അങ്കിതിന്റെ അമ്മ സഹായത്തിനായി കേണപേക്ഷിച്ചെങ്കിലും കണ്ടുനിന്നവര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്തതല്ലാതെ ആരും സഹായത്തിനെത്തിയില്ല. പ്രതികളിലൊരാളായ പെണ്‍കുട്ടിയുടെ മറ്റൊരു ബന്ധു ഒളിവിലാണെന്ന് വെസ്റ്റ് ഡല്‍ഹി ഡിസിപി വിജയ് സിംഗ് പറഞ്ഞു. ഖ്യാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.