ഇന്ത്യ - പാക് സെക്രട്ടറി തല ചര്‍ച്ച പുനരാരംഭിച്ചു
പത്താന്‍കോട്ട് ഭീകരാക്രമണത്തോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഇന്ത്യ - പാക് സെക്രട്ടറി തല ചര്‍ച്ചകള്‍ പുനരാരംഭിച്ചു.
പത്താന്‍കോട്ട് ഭീകരാക്രമണത്തോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഇന്ത്യ - പാക് സെക്രട്ടറി തല ചര്‍ച്ചകള്‍ പുനരാരംഭിച്ചു. പാക് വിദേശകാര്യ സെക്രട്ടറി ഐജാസ് അഹമ്മദ് ചൌധരിയും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറും കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പാക് വിദേശകാര്യ സെക്രട്ടറി.
അഫ്ഗാനിസ്ഥാനില്‍ സമാധാന അന്തരീക്ഷം കൊണ്ടുവരുന്നത് ലക്ഷ്യമിട്ട് നടത്തുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുക്കായി ഇന്ന് കാലത്താണ് പാക് വിദേശകാര്യ സെക്രട്ടറി അജാസ് അഹമ്മദ് ചൌധരി ഇന്ത്യയിലെത്തിയത്. പാക് വിദേശകാര്യ സെക്രട്ടറിയുടെ ഏക ദിന ഇന്ത്യാ സന്ദര്‍ശന അജണ്ടയില്‍ സെക്രട്ടറിതല ചര്‍ച്ച ഉണ്ടായിരുന്നില്ലെങ്കിലും ഇരു സെക്രട്ടറിമാരും ചുരുങ്ങിയ സമയം കൂടിക്കാഴ്ച നടത്തി.
ചര്‍ച്ചക്കുള്ള അവസരം ലഭിച്ചതിനാല്‍ ഭീകരവാദികള്‍ക്ക് അഭയം നല്‍കുന്ന പാകിസ്ഥാന് നടപടി, മസൂദ് അസ്ഹറിന്റെ കാര്യത്തിലെ പാക് നിലപാട്, പത്താന്‍കോട്ട് ആക്രമണം, തീവ്രവാദം എന്നീ വിഷയങ്ങള്‍ ഇന്ത്യ ഉന്നയിച്ചതായാണ് വിവരം. പത്താന്‍കോട്ട് ഭീകരാക്രമണക്കേസ് വിവരശേഖരണത്തിനായി ഇന്ത്യന്‍ അന്വേഷണ സംഘത്തിന് പാകിസ്താന്‍ സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കണമെന്ന ആവശ്യവും ഇന്ത്യ ഉന്നയിച്ചിട്ടുണ്ടെന്നാണ് സൂചന. കശ്മീര്‍ അടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു.
എന്നാല്‍ നിലവിലെ സാഹചര്യങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന എല്ലാ കാര്യങ്ങളിലുമുള്ള നിലപാടുകള്‍ അറിയിക്കുന്നതിനുള്ള അവസരമാണിതെന്നായിരുന്നു പാക് ഹൈക്കമ്മീഷണറുടെ പ്രതികരണം. പാക് ഹൈക്കമ്മീഷണര്‍ക്കൊപ്പം നയതന്ത്ര പ്രതിനിധികളുടെ സംഘവും ഇന്ത്യയിലെത്തിയിട്ടുണ്ട്.