അനാവശ്യ വിവാദങ്ങളിലൂടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മറച്ചുവെക്കാനാണ് ബിജെപി ശ്രമമെന്ന് ജിഗ്നേഷ് മേവാനി
പാര്‍ലമെന്റിലേക്ക് നടത്തിയ യുവാഭിമാന റാലിയില്‍ സംസാരിക്കുകയായിരുന്നു ജിഗ്‌നേഷ് മേവാനി.
രാജ്യത്തെ യുവാക്കളെയാണ് ബിജെപി ലക്ഷ്യം വെക്കുന്നതെന്ന് ദലിത് നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി. അനാവശ്യ വിവാദങ്ങളിലൂടെ രാജ്യത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മറച്ചുവെക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മേവാനി കുറ്റപ്പെടുത്തി. പാര്‍ലമെന്റിലേക്ക് നടത്തിയ യുവാഭിമാന റാലിയില്‍ സംസാരിക്കുകയായിരുന്നു ജിഗ്‌നേഷ് മേവാനി.
ഭീം ആര്‍മി സ്ഥാപകന്‍ ചന്ദ്രശേഖറിന്റെ മോചനം, ദലിതുകള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു റാലി. പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചുവെങ്കിലും സംഘാടകര്‍ തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്നു.
കളളക്കേസുകളിലൂടെയും വ്യാജപ്രചാരണങ്ങളിലൂടെയും രാജ്യത്തെ യുവാക്കളെ ബിജെപി ലക്ഷ്യംവെക്കുകയാണെന്ന് ജിഗ്‌നേഷ് മേവാനി ആരോപിച്ചു. രാജ്യം നേരിടുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും മറച്ചുപിടിക്കാനാണ് ലൗ ജിഹാദ്, ഘര്‍വാപ്പസി, ഗോവധ നിരോധം തുടങ്ങിയ ചര്‍ച്ചകള്‍ ബിജെപി നടത്തുന്നത്.
കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സാധാരണക്കാരെ തിരിഞ്ഞുനോക്കുന്നില്ലെന്ന് ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ കനയ്യകുമാറും കുറ്റപ്പെടുത്തി. പരിപാടിക്ക് ശേഷം ജിഗ്‌നേഷ് മേവാനിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറി.
രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുളള വിദ്യാര്‍ത്ഥികളും യുവനേതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തു. കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ സഹോദരിയും പാര്‍ലമെന്റ് മാര്‍ച്ചിനെത്തി. കേരളത്തില്‍ നിന്ന് സോളിഡാരിറ്റിയെ പ്രതിനിധീകരിച്ച് മുഹമ്മദ് ഷിഹാദും, എസ്‌ഐഒയെ പ്രതിനിധീകരിച്ച് നഹാസ് മാളയും റാലിയെ അഭിസംബോധന ചെയ്തു.