ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ കുടിവെള്ളം കിട്ടില്ല: വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി മധ്യപ്രദേശ് മന്ത്രി
കൊലാറസ് മണ്ഡലത്തിലുള്ളവര്‍ക്ക് വെള്ളം കിട്ടാത്തതെന്താണെന്ന് വോട്ടര്‍മാരിലൊരാള്‍ ചോദിച്ചപ്പോള്‍ കൈപ്പത്തിക്ക് വോട്ടു ചെയ്യുന്നത് നിര്‍ത്തിയാല്‍ വെള്ളം നല്‍കാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് മധ്യപ്രദേശ് മന്ത്രിയുടെ ഭീഷണി. വാണിജ്യ വകുപ്പ് മന്ത്രി യശോധര രാജെ സിന്ധ്യയാണ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയത്. ഫെബ്രുവരി 24ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൊലാറസ് മണ്ഡലത്തിലാണ് മന്ത്രി വിവാദ പ്രസംഗം നടത്തിയത്.
"നിങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചാല്‍, നിങ്ങളുടെ പ്രശ്നങ്ങളുമായി അയാള്‍ എന്നെ കാണാന്‍ വന്നാല്‍ ഞാന്‍ സംസാരിക്കില്ല. എന്‍റെ വകുപ്പ് അയാള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കില്ല", മന്ത്രി പറഞ്ഞു. കൊലാറസ് മണ്ഡലത്തിലുള്ളവര്‍ക്ക് വെള്ളം കിട്ടാത്തതെന്താണെന്ന് വോട്ടര്‍മാരിലൊരാള്‍ ചോദിച്ചപ്പോള്‍ കൈപ്പത്തിക്ക് വോട്ടു ചെയ്യുന്നത് നിര്‍ത്തിയാല്‍ വെള്ളം നല്‍കാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. രണ്ട് തവണ നിങ്ങള്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്തു. വെള്ളം കിട്ടാതെ എത്ര തവണ കൈപ്പത്തിക്ക് വോട്ട് ചെയ്യും? ബിജെപി സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചാല്‍ വോട്ടര്‍മാരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. ബിജെപി സ്ഥാനാര്‍ഥിയെ ജയിപ്പിച്ചില്ലെങ്കില്‍ പുരോഗതിയുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ജയിച്ച മണ്ഡലമാണിത്. മന്ത്രിയുടെ ഭീഷണി പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.