ശ്രീദേവിക്ക് യാത്രാമൊഴി
മുംബൈയിലെ വില്ലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തില്‍ നടന്ന സംസ്കാരചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തു
നടി ശ്രീദേവിയുടെ മൃതദേഹം സംസ്കരിച്ചു. മുംബൈയിലെ വില്ലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തില്‍ നടന്ന സംസ്കാരചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ശ്രീദേവിയുടെ ഭൌതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അന്ധേരിയിലെ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബില്‍ നിന്ന് 2മണിക്കാണ് ആരംഭിച്ചത്. വെളുത്തപൂക്കള്‍കൊണ്ട് അലങ്കരിച്ച തുറന്നവാഹനത്തിലായിരുന്നു മൃതദേഹം വില്ലെ പാര്‍ലെ സേവസമാജ് ശ്മശാനത്തിലേക്ക് കൊണ്ടുപോയത്.ചുവന്ന പട്ടുസാരിയില്‍ താലിയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞായിരുന്നു ശ്രീദേവിയുടെ അവസാനയാത്ര. ബോണികപൂറിന്‍റെ മകന്‍ അര്‍ജുന്‍ കപൂര്‍ അടക്കമുള്ളവര്‍ വിലാപയാത്രയ്‍ക്കൊപ്പമുണ്ടായിരുന്നു. വഴിയരികിലും ബാരിക്കേഡുകൾക്കു പുറത്തും ജനസഞ്ചയംതന്നെ ഉണ്ടായിരുന്നു. ഷാരുഖ് ഖാൻ, വിദ്യാ ബാലൻ തുടങ്ങിയവര്‍ സംസ്കാരചടങ്ങിൽ പങ്കെടുത്തു..
മുംബൈയിലെ വിമാനത്താവളത്തില്‍ ഇന്നലെ രാത്രി എത്തിച്ച മൃതദേഹം ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറും സഹോദരന്‍ അനില്‍ കപൂറും മക്കളും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. ലോഖണ്ഡ് വാലയിലെ ഗ്രീന്‍ ഏക്കേഴ്സ് സമുച്ചയത്തിലെ വസതിയില്‍ നിന്ന് ഇന്ന് രാവിലെ 9.30 ഓടെ ശ്രീദേവിയുടെ മൃതദേഹം സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബില്‍ എത്തിച്ചു. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും അടുത്ത ബന്ധുക്കള്‍ മൃതദേഹത്തെ അനുഗമിച്ചു. ഐശ്വാര്യാറായ്, സുസ്മിതാ സെന്‍, കജോള്‍, ജയാബച്ചന്‍, അജയ് ദേവ്ഗണ്‍, സോനംകപൂര്‍, ആനന്ദ് അഹൂജ, ഫറാഖാന്‍ തുടങ്ങി ചലച്ചിത്രതാരങ്ങളുടെ വന്‍നിരയാണ് ശ്രീദേവിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
പ്രിയപ്പെട്ട താരത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ വന്‍ ജനക്കൂട്ടം തന്നെ സെലിബ്രേഷന്‍ ക്ലബിലേക്കൊഴുകി. ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടു. മാധ്യമങ്ങളെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല.