സിംഹം പശുവിനെ കൊന്നതിനും ഗോ സംരക്ഷകരുടെ മര്‍ദനം ദലിത് കുടുംബത്തിന്
ഗുജറാത്തില്‍ പശുവിനെ കൊന്ന് തോലുരിച്ച് വില്‍ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സ്വയം പ്രഖ്യാപിത പശു സംരക്ഷകര്‍ ദലിത് കുടുംബത്തെ പൊതുജനമധ്യത്തില്‍ തല്ലിച്ചതച്ചതും ഇതേത്തുടര്‍ന്ന് ദലിതര്‍ വന്‍പ്രക്ഷോഭം ഉയര്‍ത്തിവിട്ടതും ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു
ഗുജറാത്തില്‍ പശുവിനെ കൊന്ന് തോലുരിച്ച് വില്‍ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സ്വയം പ്രഖ്യാപിത പശു സംരക്ഷകര്‍ ദലിത് കുടുംബത്തെ പൊതുജനമധ്യത്തില്‍ തല്ലിച്ചതച്ചതും ഇതേത്തുടര്‍ന്ന് ദലിതര്‍ വന്‍പ്രക്ഷോഭം ഉയര്‍ത്തിവിട്ടതും ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ജൂലൈ 11 ന് നടന്ന സംഭവത്തില്‍ ഗോ സംരക്ഷകര്‍ മനപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് ഗുജറാത്ത് സിഐഡിയുടെ കണ്ടെത്തല്‍.
പശുവിനെ കൊന്നത് സിംഹമാണെന്നും ജഡം മാറ്റുന്നതിനിടെയാണ് പശുവിനെ കൊന്നുവെന്ന് ആരോപിച്ച് ഗോ സംരക്ഷകരെത്തി ദലിത് കുടുംബത്തെ തല്ലിച്ചതച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പശുവിനെ കൊന്ന് തോലുരിക്കുന്നുവെന്ന് ഗോ സംരക്ഷകരെ അറിയിച്ചത് ആരാണെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. ഇതേസമയം, പൊലീസിന്റെ വിശദീകരണത്തിലും എഫ്ഐആറിലും പൊരുത്തക്കേടുകളുണ്ടെന്നും സിഐഡി സംഘം വ്യക്തമാക്കി. രാവിലെ എട്ടു മണിയോടെ തനിക്ക് ഒരു ഫോണ്‍ കോള്‍ വന്നതായും പശുവിനെ സിംഹം കൊന്നുവെന്നും അവശിഷ്ടം മറവുചെയ്യണമെന്നുമായിരുന്നു ആവശ്യമെന്നും മര്‍ദനമേറ്റ വാസാറാമിന്റെ പിതാവ് ബാലു സര്‍വയ്യ പറഞ്ഞു. തുടര്‍ന്നാണ് അദ്ദേഹം വാസാറാമിനെ സ്ഥലത്തേക്ക് പറഞ്ഞയച്ചത്. ഇവിടെയെത്തി പശുവിന്റെ തോലുരിക്കുന്നതിനിടെ വാസാറാമിനെയും സഹായികളെയും കടന്ന് ഒരു വാഹനം പോയതായും ഇതിനു പിന്നാലെയാണ് 30-35 ഓളം വരുന്ന സംഘം ബൈക്കുകളിലെത്തി ക്രൂരമര്‍ദനം നടത്തിയെന്നും പറയുന്നു. പശുവിനെ കൊന്നത് തങ്ങളല്ലെന്ന വാക്കുകളൊന്നും ചെവിക്കൊള്ളാതെയായിരുന്നു മര്‍ദനമെന്നും ബാലു പറഞ്ഞു. ഇവരെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആരാണ് ഫോണില്‍ പകര്‍ത്തിയതെന്നും ഇവ സോഷ്യല്‍ മീഡിയയില്‍ ആരാണ് പ്രചിപ്പിച്ചതെന്നും അക്രമിസംഘം ആരുടെ നിര്‍ദേശപ്രകാരമാണ് സംഭവസ്ഥലത്ത് എത്തിയതെന്നുമുള്ള കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷമെ വ്യക്തത വരൂവെന്ന് സിഐഡി സംഘം അറിയിച്ചു.