സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങി: ദാദ്രി കേസിലെ പ്രതിയുടെ മൃതദേഹം സംസ്കരിച്ചു

Update: 2018-06-03 10:42 GMT
Editor : Damodaran
സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങി: ദാദ്രി കേസിലെ പ്രതിയുടെ മൃതദേഹം സംസ്കരിച്ചു
Advertising

സിസോദിയയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കാന്‍ ധാരണയായതായാണ് സൂചന. ഇതില്‍ 10 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും ശേഷിക്കുന്ന 10 ലക്ഷം ചില സന്നദ്ധ സംഘടകനകളുമാണ് നല്‍കുക....

ബീഫ് കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ വീടുകയറി അടിച്ചുകൊന്ന കേസിലെ പ്രതി രവീണ്‍ സിസോദിയയുടെ ജഡം ബന്ധുക്കള്‍ സംസ്‌കരിച്ചു. സമാജ്‌വാദി സര്‍ക്കാറുമായി നടത്തിയ കനത്ത വിലപേശലിനൊടുവിലാണ് മൃതദേഹം സംസ്കരിക്കാന്‍ നാട്ടുകാര്‍ തയ്യാറായത്. ഒരു കോടി രൂപ നഷ്ടപരിഹാരം, സംഭവത്തെ കുറിച്ച സി.ബി.ഐ അന്വേഷണം, സിസോദിയയുടെ കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി, അഖ്‌ലാഖിന്റെ ജ്യേഷ്ഠന്‍‍ ജാന്‍ മുഹമ്മദിനെതിരെ പശുവിനെ കൊന്ന കുറ്റത്തിന് കേസ് എടുക്കല്‍, ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കുടുംബം മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിച്ചിരുന്നത്. ഈ ആവശ്യങ്ങളില്‍ മിക്കവയും യു.പി സര്‍ക്കാര്‍ അംഗീകരിച്ചതായാണ് സൂചന.

സിസോദിയയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കാന്‍ ധാരണയായതായാണ് സൂചന. ഇതില്‍ 10 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും ശേഷിക്കുന്ന 10 ലക്ഷം ചില സന്നദ്ധ സംഘടകനകളുമാണ് നല്‍കുക. കേന്ദ്ര മന്ത്രി മഹേഷ് ശര്‍മയും എംഎല്‍എയായ സംഗീത് സോമും ചേര്‍ന്നാണ് അഞ്ച് ലക്ഷം നല്‍കുന്നത്. ജാന്‍ മുഹമ്മദിനെതിരെയുള്ള കേസ് മുന്നോട്ടു പോകുന്നത് എംഎല്‍എമാരടങ്ങുന്ന 11 അംഗ സംഘം വിലയിരുത്തും. കുടുംബത്തില്‍ നിന്നും അപേക്ഷ ലഭിക്കുന്നതിനനുസരിച്ച് സിബിഐ അന്വേഷണത്തെ കുറിച്ച് സര്‍ക്കാര്‍ തീരുമാനിക്കും. സിസോദിയയുടെ ഒരു വയസുള്ള മകളുടെ വിദ്യാഭ്യാസം സമയമെത്തുമ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും, ഭാര്യക്ക് വിദ്യാഭ്യാസം നല്‍കിയ ശേഷം ഉചിതമായ ജോലി നല്‍കാനും തീരുമാനമായതായി ചര്‍ച്ചകള്‍ക്ക് സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും പങ്കെടുത്ത ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. മരിച്ച സഹോദരനോട് ചെയ്യാനാവുന്ന നീതി ചെയ്തെന്നും മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കണമെന്നും ജനക്കൂട്ടത്തോട് സംഗീത് സോം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് രണ്ട് ദിവസമായി ദേശീയ പതാക പുതപ്പിച്ച് ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന സിസോദിയയുടെ മൃതദേഹം സംസ്കരിക്കാന്‍ നാട്ടുകാര്‍ അനുമതി നല്‍കിയത്. സിസോദിയയുടെ കുടുംബത്തെ പ്രതിനിധീകരിച്ച് സ്ഥലം എംപിയും കേന്ദ്ര മന്ത്രിയുമായ ഡോ മഹേഷ് ശര്‍മ, സംഗീത് സോം എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News