ഹൈദരാബാദ് സര്‍വ്വകലാശാല വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും ജാമ്യഹര്‍ജി 28ലേക്ക് മാറ്റി
ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ അറസ്റ്റിലായ 27 വിദ്യാര്‍ഥികളെയും 3 അധ്യാപകരെയും ജാമ്യഹരജി പരിഗണിക്കുന്നത് ഈ മാസം 28 ലേക്ക് മാറ്റി...
ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ അറസ്റ്റിലായ 27 വിദ്യാര്‍ഥികളെയും 3 അധ്യാപകരെയും ജാമ്യഹരജി പരിഗണിക്കുന്നത് ഈ മാസം 28 ലേക്ക് മാറ്റി. വിദ്യാര്‍ഥികള്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും ആയുധങ്ങളുമായി ആക്രമണം നടത്തിയെന്നും ആരോപിച്ചാണ് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഹോസ്റ്റലില്‍ ഭക്ഷണമുണ്ടാക്കിയതിന്റെ പേരില്‍ പൊലീസ് അക്രമത്തിന് ഇരയായ വിദ്യാര്‍ഥിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
രോഹിത്ത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച ഹൈദരാബാദ് സര്‍വ്വകലാശാല വിസി അപ്പാറാവു തിരിച്ചെത്തിയതോടെ ഉയര്‍ന്ന പ്രതിഷേധം ശക്തമായി തുടരുകയാണ്. പ്രതിഷേധം നേരിടാന്‍ പൊലീസും സര്‍വകലാശാല അധികൃതരും കടുത്ത നടപടികളാണ് സ്വീകരിച്ചത്. വിസിയുടെ വസതി ഉപരോധിച്ച വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതക്കുകയും വിദ്യാര്‍ഥികളെയും അധ്യാപകരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വൈദ്യുതി, വെള്ളം, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പൂര്‍ണമായും റദ്ദ് ചെയ്തുകൊണ്ടായിരുന്നു സര്‍വകലാശാല അധികൃതര്‍ സമരത്തെ നേരിട്ടത്. ഇതിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതോടെ ഇന്ന് ഉച്ചയോടെ ഇവ പുനഃസ്ഥാപിച്ചു. തെലങ്കാന പൊലീസിന്റെ ക്യാമ്പായി സര്‍വ്വകലാശാലയെ മാറ്റിയെന്നും തടവുകാരെപ്പോലെയാണ് സര്‍വ്വകലാശാലയില്‍ കഴിയുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു
വിദ്യാര്‍ഥികള്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നും ആയുധങ്ങള്‍ കൈവശമുണ്ടായിരുന്നുവെന്നും ആരോപിച്ചാണ് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. സര്‍വ്വകലാശാല ഭക്ഷണശാല അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് സമാന്തര ഭക്ഷണശാല നടത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരേ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഉദയഭാനുവിന്റെ ആരോഗ്യനില വഷളായി തുടരുകയാണ്.