'ഭിക്ഷക്കാര്‍ പോലും സ്വൈപ് മിഷീന്‍ ഉപയോഗിക്കുന്നു'; മോദി പറഞ്ഞതിന്റെ വാസ്തവം ഇതാണ്...
സ്വയം പാവപ്പെട്ടവനെന്ന് വിശേഷിപ്പിച്ചതിന്റെ ക്ഷീണം ഇനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാറിയിട്ടില്ല.
സ്വയം പാവപ്പെട്ടവനെന്ന് വിശേഷിപ്പിച്ചതിന്റെ ക്ഷീണം ഇനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാറിയിട്ടില്ല. ദിവസം ഒന്നിലേറെ തവണ വസ്ത്രം മാറുകയും ലക്ഷണക്കിനു രൂപയുടെ കോട്ട് ധരിക്കുകയും ചെയ്യുന്ന നേതാവിന്റെ ലാളിത്യവും ഫക്കീര്‍ പ്രയോഗവും ട്രോളന്‍മാര്‍ നന്നായി ആഘോഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് വാട്സ്ആപില്‍ രണ്ടു വര്‍ഷം മുമ്പ് പ്രചരിക്കാന്‍ തുടങ്ങിയ കോമഡി വീഡിയോ നോട്ട് നിരോധത്തെ എതിര്‍ക്കുന്നവര്‍ക്ക് നേരെ പ്രയോഗിക്കാന്‍ മോദി ഉപയോഗിച്ചത്.
ഭിക്ഷക്കാര്‍ പോലും സ്വൈപ് മിഷീനുമായി നടക്കുന്ന കാലമാണിതെന്നായിരുന്നു മോദി പറഞ്ഞതിന്റെ ഉള്ളടക്കം. മോദി പറഞ്ഞതിങ്ങനെ: വാട്സ്ആപില്‍ ഒരു ഭിക്ഷക്കാരന്റെ വീഡിയോ വൈലറാണ്. എനിക്കറിയില്ല ഇതിന്റെ സത്യാവസ്ഥയിലേക്കുള്ള അകലം. ഭിക്ഷ ചോദിച്ച് കാറിനടുത്ത് എത്തുന്ന യാചകനോട് ചില്ലറയില്ല എന്ന് പറയുന്നയാള്‍ക്ക് നേരെ ഭാണ്ഡക്കെട്ടില്‍ നിന്നു സ്വൈപ് മിഷീന്‍ എടുത്തു ഡെബിറ്റ് കാര്‍ഡ് ചോദിക്കുന്നതാണ് സീന്‍. മൊറാദാബില്‍ നടന്ന ബിജെപി റാലിയില്‍ അണികളോടായിരുന്നു മോദിയുടെ ഈ പരാമര്‍ശം. കേട്ടവരിലെല്ലാം ചിരിപടര്‍ത്തിയെങ്കിലും ഈ വീഡിയോയുടെ നിജസ്ഥിതി അറിഞ്ഞിട്ടാണോ മോദി ഇത് ഉദാഹരിച്ചതെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. വീഡിയോയുടെ സത്യാവസ്ഥ താന്‍ തിരക്കിയില്ലെന്നും എങ്കിലും മാറ്റങ്ങളെ സ്വീകരിക്കാന്‍ ഇന്ത്യക്കാര്‍ സമയം കളയരുതെന്നും മോദി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഏതായാലും വാട്സ്ആപിലെ കോമഡി വീഡിയോ തിരിച്ചറിഞ്ഞോ അറിയാതെയോ മോദി നടത്തിയ ഉദാഹരണം ട്രോളന്‍മാര്‍ക്ക് പുതിയൊരു വിരുന്നായിട്ടുണ്ട്.