നളന്ദ സര്‍വകലാശാലക്ക് ആര്‍എസ്എസ് വിധേയത്വം: യോഗയുടെ രാഷ്ട്രീയം പഠിപ്പിക്കുന്ന കോഴ്സ് റദ്ദാക്കി

Update: 2018-06-03 00:15 GMT
Editor : Sithara
നളന്ദ സര്‍വകലാശാലക്ക് ആര്‍എസ്എസ് വിധേയത്വം: യോഗയുടെ രാഷ്ട്രീയം പഠിപ്പിക്കുന്ന കോഴ്സ് റദ്ദാക്കി
Advertising

ആര്‍എസ്എസ് അനുകൂല നിലപാടെടുക്കുന്ന സര്‍വകലാശാലയ്ക്ക് യോഗയുടെ രാഷ്ട്രീയം പഠന വിഷയമാക്കുന്നത് ഭയമാണെന്നും അതുകൊണ്ടാണ് മുന്നറിയിപ്പൊന്നുമില്ലാതെ കോഴ്സ് നിര്‍ത്തിയതെന്നും അധ്യാപിക

നളന്ദ സര്‍വകലാശാല യോഗയുടെ ചരിത്രവും രാഷ്ട്രീയവും എന്ന കോഴ്സ് പഠിപ്പിക്കുന്നത് നിര്‍ത്തി. ഈ വിഷയം സര്‍വകലാശാലയില്‍ പഠിപ്പിച്ചിരുന്നത് അമേരിക്കയില്‍ നിന്നുള്ള അധ്യാപിക പെട്രിഷ്യ സൌത്തോഫ് ആണ്. ആര്‍എസ്എസ് അനുകൂല നിലപാടെടുക്കുന്ന സര്‍വകലാശാലയ്ക്ക് യോഗയുടെ രാഷ്ട്രീയം പഠന വിഷയമാക്കുന്നത് ഭയമാണെന്നും അതുകൊണ്ടാണ് മുന്നറിയിപ്പൊന്നുമില്ലാതെ കോഴ്സ് നിര്‍ത്തിയതെന്നും പെട്രിഷ്യ വിമര്‍ശിച്ചു.

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പെട്രീഷ്യയ്ക്ക് സര്‍വകലാശാല ജൂണ്‍ 13ന് കരാര്‍ പുതുക്കി കത്തയച്ചിരുന്നു. എന്നാല്‍ അടുത്ത ആഴ്ച തന്നെ കരാര്‍ റദ്ദാക്കിക്കൊണ്ടുള്ള കത്ത് അധ്യാപികയ്ക്ക് ലഭിച്ചു. റദ്ദാക്കാനുള്ള കാരണം കത്തില്‍ വ്യക്തമാക്കിയിരുന്നില്ല. യുണിവേഴ്സിറ്റ് ചാന്‍സലര്‍ വിജയ് ഭത്കറും വൈസ് ചാന്‍സലര്‍ സുനൈന സിങും ആര്‍എസ്എസ് അനുകൂല നിലപാടുള്ളവരാണ്. യോഗയുടെ ചരിത്രം സംബന്ധിച്ച ആര്‍എസ്എസിന്‍റെ കാഴ്ചപ്പാടല്ല സര്‍വ്വകലാശാലയില്‍ പഠിപ്പിക്കുന്നതെന്ന ഭയമാണ് കോഴ്സ് നിര്‍ത്താനുള്ള കാരണമെന്ന് പെട്രീഷ്യ വിമര്‍ശിച്ചു.

യോഗയുടെ രാഷ്ട്രീയം എന്ന പേര് തന്നെ പ്രശ്നമാണെന്നാണ് വൈസ് ചാന്‍സലര്‍ സുനൈന സിങിന്‍റെ പ്രതികരണം. എന്തിന് യോഗയില്‍ രാഷ്ട്രീയം കലര്‍ത്തുന്നു, എന്തിന് ഒരു വിദേശിയെ യോഗ പഠിപ്പിക്കാന്‍ സര്‍വകലാശാല അനുവദിക്കണം എന്നാണ് വിസിയുടെ ചോദ്യം. അക്കാദമിക് സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് വിസിയുടെ നിലപാടെന്ന് പെട്രീഷ്യ പറഞ്ഞു.

അമര്‍ത്യ സെന്നിന് സര്‍വകലാശാലയുടെ ചുമതലയുണ്ടായിരുന്ന കാലത്താണ് ഈ കോഴ്സ് സര്‍വകലാശാലയില്‍ തുടങ്ങിയത്. അമര്‍ത്യ സെന്നിന് ശേഷം ചാന്‍സലറായ ജോര്‍ജ്ജ് യോ സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൈകടത്തുന്നുവെന്ന് ആരോപിച്ച് രാജിവെച്ചിരുന്നു. പിന്നാലെയാണ് ആര്‍എസ്എസ് അനുകൂലികളെ ഉള്‍പ്പെടുത്തി ഗവേണിങ് ബോര്‍ഡ് പുനസംഘടിപ്പിച്ചത്. അമര്‍ത്യ സെന്നിന്‍റെ കാലത്തുണ്ടായിരുന്ന ആരെയും ഈ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

അമര്‍ത്യ സെന്നിന്‍റെ കാലത്ത് സര്‍വകലാശാലയില്‍ യോഗയുടെ രാഷ്ട്രീയം ഒരു വിദേശി പഠിപ്പിച്ചിരുന്നുവെന്ന് കേട്ട് അത്ഭുതപ്പെട്ടുവെന്നും ആ കോഴ്സ് ഇപ്പോള്‍ നിര്‍ത്തലാക്കിയെന്നുമാണ് ബിജെപി നേതാവ് രാംമാധവ് ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റില്‍ നിന്ന തന്നെ സംഘ്പരിവാറിന്‍റെ ഭയം വ്യക്തമാണെന്ന് പെട്രീഷ്യ പ്രതികരിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News