പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പീഡനമായി കണക്കാക്കുമെന്ന് സുപ്രിം കോടതി

Update: 2018-06-03 02:04 GMT
Editor : admin
പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പീഡനമായി കണക്കാക്കുമെന്ന് സുപ്രിം കോടതി
Advertising

ഭാര്യ പരാതി നല്‍കിയാല്‍ ഭര്‍ത്താവിനെതിരെ പീഡനക്കുറ്റത്തിന് കേസെടുക്കണം 15നും 18 വയസ്സിനിടക്കുള്ള പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് ഇളവ് നല്‍കുന്ന ഐപിസി വകുപ്പ് നിലനില്‍ക്കുന്നതല്ലെന്നും

പ്രായപൂര്‍ത്തിയാകതാത്ത ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പീഡനമായി കണക്കാക്കണമെന്ന് സുപ്രിം കോടതി. ഭാര്യ പരാതി നല്‍കിയാല്‍ ഭര്‍ത്താവിനെതിരെ പീഡനക്കുറ്റത്തിന് കേസെടുക്കണമെന്നും കോടതി വിധിച്ചു. 15നും 18 വയസ്സിനിടക്കുള്ള പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പടുന്നതിന് ഇളവ് നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് വിവേചനപരമാണെന്നും, അതിനാല്‍ റദ്ദാക്കുന്നുവെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ദീപക് ഗുപ്ത എന്നിവരംഗങ്ങളായ ബെഞ്ച് വിധിച്ചു.

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 375ാം വകുപ്പ് പ്രകാരം, പതിനെട്ട് വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുമായി ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാലും പുരുഷനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുക്കാം. ഇതേ വകുപ്പിലെ ഒരു ഉപവകുപ്പില്‍, പതിനെട്ടിനും, പതിനഞ്ചിനും പ്രായത്തിനിടയിലുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ഭര്‍ത്താവിനെതിരെ ബലാത്സംഗക്കുറ്റം ചുമത്താനാകില്ലെന്നും പറയുന്നു. എന്നാല്‍ 2012ല്‍ നിലവില്‍ വന്ന പോക്‌സോ ആക്ട് പ്രകാരം പതിനെട്ട് വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുമായി ഏത് തരത്തിലുള്ള ലൈംഗിക ബന്ധവും കുറ്റകരമാണ്. ഈ രണ്ട് നിയമവും തമ്മിലുള്ള പൊരുത്തക്കേട് ചൂണ്ടിക്കാട്ടി ഇന്‍ഡിപെന്റന്റ് തോട്ടെന്ന എന്‍ജിഓ നല്‍കിയ ഹരജിയിലാണ് സുപ്രിം കോടതിയുടെ വിധി.

സ്വന്തം ഭാര്യയാണെങ്കില്‍ പോലും 18നും 15നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ക്രിമിനല്‍ കുറ്റമായി പരിഗണിക്കണമെന്ന് വിധിയില്‍ പറയുന്നു. ഭാര്യ പരാതി നല്‍കിയാല്‍ ഭര്‍ത്താവിനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുക്കണം. ഐപിസി 375ാം വകുപ്പിന്റെ ഉപവകുപ്പ് നല്‍കുന്ന ഇളവ് വിവേചനപരവും, നിയമപരമായി നിലനില്‍ക്കാത്തതുമാണ്. ശൈശവ വിവാഹം തടയുന്നതിന് ഈ വകുപ്പ് തടസ്സമാണെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ദീപക് ഗുപ്ത എന്നിവരംഗങ്ങളായ ബെഞ്ച് വിധിച്ചു. പ്രായപൂര്‍ത്തിയെത്താത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമായി കാണരുതെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് കോടതി തള്ളി. ശൈശവ വിവാഹങ്ങള്‍ തടയാനുള്ള കര്‍ശന നടപടികളാണ് കേന്ദ്രം സ്വീകരിക്കേണ്ടതെന്നും വിധിയില്‍ പറയുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News