പ്രകാശ് രാജ് പങ്കെടുത്ത വേദിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചു
ബുദ്ധിജീവികളെന്ന് സ്വയം നടിക്കുന്നവര്‍ പരിപാടി സംഘടിപ്പിച്ച് തങ്ങളുടെ സ്ഥലം അശുദ്ധമാക്കിയെന്ന് യുവമോര്‍ച്ച
നടന്‍ പ്രകാശ് രാജ് പ്രസംഗിച്ച വേദിക്ക് ചുറ്റും യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചു. കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയെ പ്രകാശ് രാജ് വിമര്‍ശിച്ചതാണ് യുവമോര്‍ച്ച പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. കര്‍ണാടകയിലെ സിര്‍സിയിലാണ് സംഭവം. യുവമോര്‍ച്ച നേതാവ് വിശാല്‍ മറാട്ടെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രകാശ് രാജ് സംസാരിച്ച സ്ഥലത്ത് ഗോമൂത്രം തളിച്ചത്.
ബുദ്ധിജീവികളെന്ന് സ്വയം നടിക്കുന്നവര്‍ പരിപാടി സംഘടിപ്പിച്ച് തങ്ങളുടെ സ്ഥലം അശുദ്ധമാക്കിയെന്ന് വിശാല്‍ മറാട്ടെ ആരോപിച്ചു. ഹിന്ദു ദൈവങ്ങളെ നിന്ദിക്കുന്നവരും ഗോമാംസം കഴിക്കുന്നവരും വന്ന് സിര്‍സ നഗരം മലിനമായി. സാമൂഹ്യ വിരുദ്ധരായ ഇത്തരം ഇടത് ചിന്തകര്‍ക്ക് സമൂഹം മാപ്പ് നല്‍കില്ലെന്നും വിശാല്‍ മറാട്ടെ പ്രതികരിച്ചു.
'ഞാന്‍ പോകുന്ന എല്ലായിടത്തും നിങ്ങള്‍ ശുദ്ധീകരണം നടത്തുമോ'യെന്ന് പ്രകാശ് രാജ് യുവമോര്‍ച്ച പ്രവര്‍ത്തകരോട് ട്വിറ്ററില്‍ ആരാഞ്ഞു. പ്രകാശ് രാജ് പങ്കെടുത്ത നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം എന്ന പരിപാടിക്കെതിരെയാണ് യുവമോര്‍ച്ച രംഗത്തെത്തിയത്.