നമസ്കരിക്കാന്‍ പള്ളി വേണോ? ബാബരി മസ്ജിദ് ഭൂമി തര്‍ക്കക്കേസ് ഇന്ന് സുപ്രീം കോടതിയില്‍
നമസ്കാരത്തിന് പള്ളി അഭിവാജ്യ ഘടകമല്ലെന്ന ഉള്ളടക്കത്തോടെ 1994 ല്‍ സുപ്രീകോടതി പ്രസ്താവിച്ച വിധി പുനഃപ്പരിശോധിക്കണമോ എന്ന ആവശ്യത്തില്‍ കോടതി ഇന്ന് തീരുമാനമെടുത്തേക്കും.
ബാബരി മസ്ജിദ് ഭൂമി തര്‍ക്കക്കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നമസ്കാരത്തിന് പള്ളി അഭിവാജ്യ ഘടകമല്ലെന്ന ഉള്ളടക്കത്തോടെ 1994 ല്‍ സുപ്രീകോടതി പ്രസ്താവിച്ച വിധി പുനഃപ്പരിശോധിക്കണമോ എന്ന ആവശ്യത്തില്‍ കോടതി ഇന്ന് തീരുമാനമെടുത്തേക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
1994 ല്‍ പള്ളിത്തര്‍ക്കം വിഷയമായ ഇസ്മായീല്‍ ഫാറൂഖി കേസില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് വെങ്കട ചെല്ലയ്യ അധ്യക്ഷനായ 5 അംഗ ബഞ്ച് പുറപ്പെടുവിച്ച വിധി പുനഃപ്പരിശോധിക്കേണ്ടതുണ്ടോ എന്നാണ് സുപ്രീം കോടതി ഇന്ന് പ്രധാനമായും പരിശോധിക്കുക. പള്ളിയില്‍ നമസ്കരിക്കുക എന്നത് ഇസ്ലാമിക വിശ്വാസത്തിന്റെ അഭിവാജ്യ ഘടകമല്ല, മുസ്ലിംകള്‍ക്ക് എവിടെ വേണമെങ്കിലും നമസ്കരിക്കാം എന്നുള്ള 94 ലെ വിധിയിലെ പരാമര്‍ശം ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളോട് പൊരുത്തപ്പെടുന്നതല്ലെന്നും ഈ വിധി പുനഃപ്പരിശോധിക്കണമെന്നും കഴിഞ്ഞ തവണ ബാബരി കേസ് പരിഗണിക്കവെ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ ആവശ്യപ്പെട്ടിരുന്നു. ബാബരി കേസിനെ ഈ വിധി പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കലായിരുന്നു സുന്നി വഖഫ് ബോര്‍ഡിന്റെ ഉദ്ദേശം.
ഈ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി 94 ലെ വിധി പുനഃപ്പരിശോധിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കാമെന്ന് സമ്മതിച്ചത്. ഈ വിഷയം വിശാല ബെഞ്ചിന് വിടുമോ എന്നതും ഇന്നറിയാം. ബാബരി കേസിനെ ഭൂമിതര്‍ക്ക വിഷയമായി മാത്രമാണ് കാണുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സമവായത്തിലെത്താന്‍ ഹര്‍ജിക്കാരെ നിര്‍ബന്ധിക്കാനാകില്ലെന്നാണ് കോടതി നിലപാട്. ബാബരി മസ്ജിദ് നിലകൊണ്ടിരുന്ന 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും രാംലല്ല വിരാജ് മിന്നിനുമായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകളാണ് സുപ്രീം കോടതിക്ക് മുന്നിലിള്ളത്