ജെഡിഎസ് ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയതിന് തെളിവുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി
കുമാരസ്വാമിയും അമിത്‌ഷായും ഇതിനായി ഡൽഹിയിൽ രഹസ്യ കൂടിക്കാഴ്ച നടത്തി
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ ജെഡിഎസ് ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയതിന് തെളിവുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കുമാരസ്വാമിയും അമിത്‌ഷായും ഇതിനായി ഡൽഹിയിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി അദ്ദേഹം ആരോപിച്ചു. മകൻ ബിജെപി യുമായി സഹകരിച്ചാൽ കുടുംബത്തിൽ നിന്നും പുറത്താക്കുമെന്നായിരുന്നു ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുടെ പ്രതികരണം.
ചാമുണ്ഡേശ്വരിയിൽ തന്നെ തോൽപ്പിക്കാൻ ജെഡിഎസ് ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയെന്ന് നേരത്തെ സിദ്ധരാമയ്യ ആരോപിച്ചിരുന്നു. ഇത് ഒരു പടി കൂടി ഉന്നയിക്കുകയാണ് ഇപ്പോൾ കർണ്ണാടക മുഖ്യമന്ത്രി. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും എച്ച് ഡി കുമാര സ്വാമിയും തമ്മിൽ സൽഹിയിൽ രഹസ്യ ചർച്ച നടന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഉൾപ്പെടേയുള്ള തെളിവുകൾ കയ്യിലുണ്ടെന്നും അവ വൈകാതെ പുറത്ത് വിടുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
തെരഞ്ഞെടുപ്പിനോ പിമ്പോ ബിജെപിയുമായി ധാരണയുണ്ടാക്കാൻ ശ്രമിച്ചാൽ മകനെ കുടുംബം മുഴുവൻ ബഹിഷ്കരിക്കുമെന്നായിരുന്നു ആരോപണത്തോട് എച്ച് ഡി ദേവഗൗഡയുടെ പ്രതികരണം. 2006 ൽ ചെയ്ത തെറ്റ് കുമാരസ്വാമി ആവർത്തിക്കുമെന്ന് കരുതുന്നില്ല. കോൺഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്തി ഒറ്റക്ക് അധികാരത്തിൽ എത്തുന്നതിനെ കുറിച്ചാണ് പാർട്ടി ആലോചിക്കുന്നതെന്നും സ്വകാര്യ ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദേവഗൗഡ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം കുമാരസ്വാമി ബിജെപി സഖ്യത്തിലാകുമെന്ന അഭ്യൂഹം ശക്തമാക്കുന്നതോടെ ജെഡിഎസിന് പരമ്പരാഗതമായി കിട്ടുന്ന ന്യൂനപക്ഷ വോട്ടുകളിൽ ഇളക്കമുണ്ടാകുമെന്നാണ് വിലയിരുത്തൽ.