'കന്നഡ പൊളിറ്റിക്കല്‍ ത്രില്ലറിലെ' യഥാര്‍ഥ നായകന്‍ ഡികെ ശിവകുമാര്‍

Update: 2018-06-03 10:08 GMT
Editor : Muhsina
'കന്നഡ പൊളിറ്റിക്കല്‍ ത്രില്ലറിലെ' യഥാര്‍ഥ നായകന്‍ ഡികെ ശിവകുമാര്‍
Advertising

കന്നഡ പൊളിറ്റിക്കല്‍ ത്രില്ലറിലെ യഥാര്‍ഥ നായകന്‍ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറാണ്. കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരെ ചാക്കിടാമെന്ന ബിജെപിയുടെ മോഹം

കന്നഡ പൊളിറ്റിക്കല്‍ ത്രില്ലറിലെ യഥാര്‍ഥ നായകന്‍ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറാണ്. കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരെ ചാക്കിടാമെന്ന ബിജെപിയുടെ മോഹം തകര്‍ത്തെറിഞ്ഞത് സിദ്ധാരാമയ്യ മന്ത്രിസഭയില്‍ ഈ ഊര്‍ജ മന്ത്രിയുടെ തന്ത്രജ്ഞത ഒന്നുകൊണ്ട് മാത്രം. ദേവഗൌഡയുടെയും മകന്‍ കുമാരസ്വാമിയുടെയും നിതാന്ത ശത്രുവായ ഈ വൊക്കലിഗ നേതാവ് ഒടുവില്‍ അവര്‍ക്കും രക്ഷകനായി.

തങ്ങള്‍ക്ക് 120 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നായിരുന്നു ബിജെപി നേതാവ് ശോഭാ കരന്തലാജേയുടെ അവകാശവാദം. ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിടാന്‍ കോടികള്‍ വാഗ്ദാനം ചെയ്യുമ്പോഴും ശിവകുമാറിന് കുലുക്കമുണ്ടായിരുന്നില്ല. ബെല്ലാരിയില്‍ നിന്ന് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ രണ്ട് എംഎല്‍എമാരെ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം മുതല്‍ കാണാനില്ലെന്ന വാര്‍ത്ത വന്നപ്പോഴും കുലുങ്ങിയില്ല. ജയിച്ച സ്വതന്ത്രന്മാരിലൊരാളെയും കൂട്ടിയാണ് ശിവകുമാര്‍ രാജ്ഭവന് മുന്നിലെത്തിയത്.

നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോള്‍ മൂന്ന് എംഎല്‍എമാരാണ് ഹാജരാവാതിരുന്നത്. നേരത്തെ മുതല്‍ കാണാതായ ആനന്ദ് സിംഗും പ്രതാപഗൌഡയും റെഡ്ഢി സഹോദരന്മാരിലെ സോമശേഖര റെഡ്ഡിയും. ആനന്ദ് സിങ്ങും പ്രതാപഗൌഡയും സോമശേഖര റെഡ്ഢിയുടെ കസ്റ്റഡിയിലാണെന്ന ആശങ്ക ഉയര്‍ന്നു. ഉച്ചകഴിഞ്ഞപ്പോള്‍ ഇരുവരെയും ഒരു ഹോട്ടലില്‍ നിന്ന് വിധാന്‍ സൌധയിലെത്തിച്ചതും ശിവകുമാര്‍ തന്നെ. ദുരൂഹമായ ഒരു ചോദ്യം മാത്രം ബാക്കി. ബിജെപി റാഞ്ചുമെന്ന് കണ്ട് രണ്ട് എംഎല്‍എമാരെ ശിവകുമാര്‍ തന്നെ ഒളിപ്പിച്ചതായിരുന്നോ അതോ ശരിക്കും ഇവര്‍ റെഡ്ഢി സഹോദരന്മാരുടെ തടവിലായിരുന്നോ എന്ന ചോദ്യം.

ശിവകുമാര്‍ ആദ്യമായല്ല പ്രതിസന്ധി ഘട്ടങ്ങളില്‍ കോണ്‍ഗ്രസിന്‍റെ രക്ഷക്കെത്തുന്നത്. 2002ല്‍ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് അവിശ്വാസം നേരിട്ടപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗളൂരുവിലെത്തിച്ച് സുരക്ഷിതരാക്കി നിര്‍ത്തിയത് ശിവകുമാര്‍ തന്നെ. അന്ന് എസ്എം കൃഷ്ണ മന്ത്രിസഭയിലെ രണ്ടാമനായിരുന്നു ശിവകുമാര്‍. 2017 രാജ്യസഭാ തെരഞ്ഞടുപ്പില്‍ അഹ്മദ് പട്ടേലിനെ തോല്‍പിക്കാന്‍ ബിജെപി ദേശീയ നേതൃത്വം എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനിറങ്ങിയപ്പോള്‍ മുഴുവന്‍ എംഎല്‍എമാരെയും ഗുജറാത്തില്‍ നിന്ന് ബംഗളൂരുവിലെത്തിച്ച് വോട്ടടെടുപ്പ് ദിവസം ഗുജറാത്തിലെത്തിച്ച് പട്ടേലിന്റെ വിജയം ഉറപ്പാക്കി ശിവകുമാര്‍. ആ സമയങ്ങളിലെല്ലാം കോടീശ്വരനായ ശിവകുമാറിന്‍റെ വസതിയിലും റിസോര്‍ട്ടുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുകയായിരുന്നു. മൂന്ന് ദിവസം വീട്ടുതടങ്കലിലുമായിരുന്നിട്ടും ഒരു എംഎല്‍എയെപ്പോലും ബിജെപിക്ക് വിട്ടു കൊടുത്തില്ല ശിവകുമാര്‍.

Writer - Muhsina

contributor

Editor - Muhsina

contributor

Similar News