ആര്‍.എസ്.എസ് ട്രൗസര്‍ ഉപേക്ഷിക്കാന്‍ കാരണം എന്റെ ഭാര്യ; ലാലു പ്രസാദ് യാദവ്
പൊതുജനമധ്യത്തില്‍ ട്രൗസറിട്ട് വരാന്‍ തലമൂത്ത ആര്‍എസ്എസ്സുകാര്‍ക്ക് നാണമില്ലേ?' എന്ന് ജനുവരിയില്‍ റാബറി ദേവി ചോദിച്ചിരുന്നു
90 വര്‍ഷത്തിന് ശേഷം ട്രൗസര്‍ ഉപേക്ഷിച്ച് പാന്റിലേക്ക് മാറാനുള്ള ആര്‍.എസ്.എസ് തീരുമാനത്തിന് കാരണക്കാരി തന്റെ ഭാര്യ റാബറി ദേവിയാണെന്ന് ആര്‍.ജെ.ഡി തലവന്‍ ലാലു പ്രസാദ് യാദവ്. ആര്‍.എസ്.എസ്സുകാര്‍ പാന്റിടാന്‍ കാരണം ഞങ്ങളാണ്. പൊതുജനമധ്യത്തില്‍ ട്രൗസറിട്ട് വരാന്‍ തലമൂത്ത ആര്‍എസ്എസ്സുകാര്‍ക്ക് നാണമില്ലേ?' എന്ന് ജനുവരിയില്‍ റാബറി ദേവി ചോദിച്ചിരുന്നു. ഇത് ഉദ്ധരിച്ചാണ് ലാലുവിന്റെ അവകാശവാദം. നിലവിലെ സമീപനങ്ങള്‍ മാറ്റാനും ആര്‍എസ്എസ് നിര്‍ബന്ധിതരാകുമെന്ന് ലാലു ട്വീറ്റ് ചെയ്തു. ഇപ്പോള്‍ പാന്റിലേക്ക് മാറാന്‍ അവരെ ഞങ്ങള്‍ നിര്‍ബന്ധിപ്പിച്ചു. യൂണിഫോമില്‍ മാത്രമല്ല അവരുടെ ചിന്തകളിലും മാറ്റമുണ്ടാകേണ്ടതുണ്ട്. ആയുധങ്ങള്‍ ത്യജിക്കാനും ഞങ്ങള്‍ അവരെ നിര്‍ബന്ധിപ്പിക്കും. വിഷം ചീറ്റാനും അനുവദിക്കില്ല.
കറുത്ത തൊപ്പിയും വെള്ള ഫുള്‍സ്ലീവ് ഷര്‍ട്ടും തവിട്ട് പാന്റും മുളവടിയും കറുത്ത ഷൂസുമാണ് പ്രവര്‍ത്തകരുടെ പുതിയ വേഷം. ട്രൗസര്‍ ഉപയോഗിക്കുന്നത് യുവാക്കളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ലെന്ന നിഗമനത്തിലാണ് ആര്‍എസ്എസ് പഴയ വേഷം ഉപേക്ഷിക്കാന്‍ കാരണം. വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് കാക്കി ട്രൈസറിന് പകരം പാന്റ് ധരിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തതോടെ പുതിയ വേഷം ഔദ്യോഗികമായി.