യാത്രകളില്‍ തനിക്ക് പ്രത്യേകം സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണ്ടെന്ന് യോഗി ആദിത്യനാഥ്
യോഗിയുടെ സന്ദര്‍ശനങ്ങള്‍ തുടര്‍ച്ചയായി വിവാദങ്ങള്‍ സൃഷ്ടിച്ച സാഹചര്യത്തിലാണ് നിര്‍ദ്ദേശം
യാത്രകളുടെയും മറ്റ് ഔദ്യോഗിക സന്ദര്‍ശനങ്ങളുടെയും സമയത്ത് തനിക്ക് വേണ്ടി പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചീഫ് സെക്രട്ടറിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും മന്ത്രി ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കി. യോഗിയുടെ സന്ദര്‍ശനങ്ങള്‍ തുടര്‍ച്ചയായി വിവാദങ്ങള്‍ സൃഷ്ടിച്ച സാഹചര്യത്തിലാണ് നിര്‍ദ്ദേശം. വെറും നിലത്തിലിരുന്ന് ശീലമുള്ളവരാണ് നമ്മള്‍. അതുകൊണ്ട് തന്നെ യാത്രകളുടെ സമയത്ത് പ്രത്യേക സംവിധാനങ്ങളും സൗകര്യങ്ങളും വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസം കശ്മീരില്‍ പാക് സൈന്യം വധിച്ച ബിഎസ്എഫ് ജവാന്‍ പ്രേം സാഗറിന്റെ വീട്ടില്‍ യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനം നടത്തുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥര്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് വലിയ വിവാദമായിരുന്നു. യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് വീരമൃത്യുവരിച്ച ജവാന്റെ വീട്ടില്‍ എസി, സോഫ, കര്‍ട്ടനുകള്‍, കാര്‍പെറ്റ്, കസേരകള്‍ എന്നിവ എത്തിക്കുകയും മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെ ഇവ തിരികെ കൊണ്ടു പോവുകയും ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിന് മുന്‍പ് കുളിക്കണമെന്ന് ആവശ്യപ്പെട്ട് കുരിനഗറില്‍ തദ്ദേശ ഭരണകൂടം ദലിതര്‍ക്ക് സോപ്പും ഷാമ്പുവും നല്‍കിയ നടപടിയും വിവാദമായിരുന്നു. മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് കുളിച്ചുവൃത്തിയായി എത്തണമെന്ന് നിര്‍ദേശിച്ച് തങ്ങള്‍ക്ക് സോപ്പും ഷാമ്പുവും നല്‍കിയതായി ദലിതരാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു.