ഗൗരി ലങ്കേഷ് വധം; മൂന്ന് പ്രതികളുടെ രേഖാ ചിത്രം പുറത്തുവിട്ടു
പ്രതികളെ പിടികൂടാന്‍ ജനങ്ങളുടെ പിന്തുണ വേണമെന്ന് അന്വേഷണ സംഘം അഭ്യര്‍ത്ഥിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊലപാതക കേസിൽ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു. ഇവരുടെ രേഖാചിത്രങ്ങൾ പ്രത്യേക അന്വേഷണ സംഘം പുറത്തുവിട്ടു. അന്വേഷണം സജീവമായി മുന്നോട്ടു പോവുകയാണെന്നും സംഘം അറിയിച്ചു.
ഗൗരി ലങ്കേഷിന്‍റെ കൊലപാതകം നടന്ന സ്ഥലത്തു നിന്നും പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമാണ് രേഖാചിത്രങ്ങൾ തയ്യാറാക്കിയത്. ഇവരുടെ ദൃശ്യങ്ങൾ കൂടി പുറത്തുവിട്ടിട്ടുണ്ട്.
കൽബുർഗി, ഗോവിന്ദ് പൻ സാരെ കൊലപാതകങ്ങളുമായി ഇതിന് ബന്ധമില്ല. കൽബുർഗി വധത്തിനായി ഉപയോഗിച്ച ആയുധമാണോ ഗൗരിയെ കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്നും വ്യക്തമല്ല. സനാതൻ സൻസ്ഥ പോലുള്ള സംഘടനകൾക്ക് കൃത്യത്തിൽ പങ്കുണ്ട് എന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം തലവൻ ബി.കെ. സിങ്ങ് അറിയിച്ചു.
ജനങ്ങളുടെ സഹായം അന്വേഷണത്തിൽ വേണം. അതിനായാണ് രേഖാചിത്രം പുറത്തുവിട്ടത്. പ്രതികളെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പത്തുലക്ഷം രൂപ പാരിതോഷികമായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.