ഗുജറാത്ത് തെരഞ്ഞെടുപ്പ്: പട്ടേല്‍ സമര സമിതിയുമായി കോണ്‍ഗ്രസ് ധാരണയിലെത്തി
സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യോജിപ്പിലെത്തിയതായി ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ അഹമ്മദാബാദില്‍ അറിയിച്ചു
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പതിദാര്‍ അനാമത്ത് ആന്തോളന്‍ സമിതിയുമായി കോണ്‍ഗ്രസ് ധാരണയിലെത്തി. സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യോജിപ്പിലെത്തിയതായി ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ അഹമ്മദാബാദില്‍ അറിയിച്ചു. ഇതോടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്ള അനിശ്ചിതാവസ്ഥ നീങ്ങുമെന്നാണ് വിലയിരുത്തല്‍. ധാരണ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ നാളെ രാജ്കോട്ടില്‍ നടത്തും.
ദിവസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കും ശേഷമാണ് ഗുജറാത്തില്‍ പട്ടേല്‍ സംവരണ സമരത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്ന പതീദാര്‍ അനാമത്ത് ആന്തോളനുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ധാരണയിലെത്തിയത്. സംവരണമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ധാരണയിലെത്തിയതായി അഹ്മാദാബാദില്‍ കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പാസ് നേതാവ് ദിനേഷ് ബംബാനിയ പറഞ്ഞു.
ഔദ്യോഗിക പ്രഖ്യാപനം രാജ്കോട്ടില്‍ പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ പ്രഖ്യാപക്കുമെന്നും ബംബാനിയ അറിയിച്ചു. ധാരണയിലെത്തിയ കാര്യം പിസിസി അധ്യക്ഷ ഭാരത് സിന്‍ഹ് സോളങ്കിയും സ്ഥിരീകരിച്ചു. അതേസമയം ധാരണയിലെ വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന കാര്യം ഇരുവരും വ്യക്തമാക്കിയില്ല. ചര്‍ച്ചകളില്‍ നേതാക്കള്‍ മത്സരിക്കാനായി സീറ്റുകള്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത സോളങ്കി നിഷേധിച്ചു.
അതേസമയം സീറ്റുകളുടെ കാര്യത്തില്‍ സമവായമുണ്ടായതോടെയാണ് ധാരണ രൂപപ്പെട്ടതാണ് വിവരം. പട്ടേല്‍ വിഭാഗത്തിന് ഒബിസി പദവി നല്‍കാനാകില്ലെന്നും സാമ്പത്തിക സംവരണം നല്‍കാമെന്നും നേരത്തെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഇരുവരും നേരത്തെ യോജിപ്പിലെത്തിയിരുന്നുവെന്നും സീറ്റുകളുടെ കാര്യത്തിലുള്ള തര്‍ക്കമാണ് ധാരണ വൈകിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പാസുമായി ധാരണയായതോടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.