പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ പരിശോധന
ജയലളിതയുടെ വീട് സ്മാരകമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് പരിശോധന.
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ പരിശോധന. ജയലളിതയുടെ വീട് സ്മാരകമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് പരിശോധന.
രാവിലെ എട്ട് മണിയോടെയാണ് പരിശോധന തുടങ്ങിയത്. റവന്യു, കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ആദായ നികുതി വകുപ്പ് ജീവനക്കാരും സംഘത്തിലുണ്ട്. കഴിഞ്ഞ തവണയുണ്ടായ റെയ്ഡിനെ തുടര്‍ന്ന് വേദനിലയത്തിലെ രണ്ട് മുറികള്‍ ആദായ നികുതി വകുപ്പ് സീല്‍ ചെയ്തിരുന്നു. ഇതിനാലാണ് ഐടി ഉദ്യോഗസ്ഥരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
വേദനിലയം സ്മാരകമാക്കുന്നതിന് മുന്നോടിയായി സ്ഥാവര ജംഗമ വസ്തുക്കളുടെ കണക്കുകള്‍ തിട്ടപ്പെടുത്തുകയാണ് ലക്ഷ്യം. വേദനിലയം സ്മാരകമാക്കുന്നതിന് തങ്ങളുടെ അനുമതി വാങ്ങണമെന്ന് കാണിച്ച് ജയലളിതയുടെ ബന്ധു ദീപ ജയകുമാര്‍ കോടതിയെ സമീപിച്ചിരുന്നു. എതിര്‍പ്പുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് ശക്തമായ പൊലിസ് സുരക്ഷയുമുണ്ട്.