എട്ടുവയസ്സുകാരിയുടെ പേരും ഫോട്ടോയും വെളിപ്പെടുത്തിയ മാധ്യമസ്ഥാപനങ്ങള്‍ക്ക് കോടതിയുടെ നോട്ടീസ്
ബലാത്സംഗത്തിന് ഇരയായ വ്യക്തിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ ലംഘനമാണ് മാധ്യമസ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് കോടതി
ജമ്മുകശ്മീരിലെ കത്‍വയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട എട്ടുവയസുകാരിയുടെ പേരുവെളിപ്പെടുത്തിയ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. ഇന്നാണ് കോടതി നോട്ടീസ് അയച്ചത്.
അച്ചടി, ദൃശ്യ,ഓണ്‍ലൈന്‍ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെയെല്ലാം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ബലാത്സംഗത്തിന് ഇരയായ വ്യക്തിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ ലംഘനമാണ് മാധ്യമസ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത് എന്നാണ് നോട്ടീസിലുള്ളത്. ഇരയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്നത് നിയമലംഘനത്തിന്റെ വ്യാപ്തി കൂട്ടിയെന്നും കോടതി നിരീക്ഷിക്കുന്നു.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയ ഗിതാ മിത്തലിന്റെയും ജസ്റ്റിസ് സി ഹരി ശങ്കറിന്റെയും ബെഞ്ചാണ് വിഷയത്തില്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ചത്. കേസില്‍ പെണ്‍കുട്ടിയുടെ സ്വത്വത്തെ കുറിച്ച് വെളിപ്പെടുത്താന്‍ നിങ്ങള്‍ക്കാര് അവകാശം തന്നു എന്നും മാധ്യങ്ങളോട് ഹൈക്കോടതി ചോദിച്ചു. ന്യൂസ് റൂമുകളില്‍ ബാക്ഗ്രൌണ്ടായിപോലും പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിക്കുകയാണ്, കോടതി കുറ്റപ്പെടുത്തി.
ബലാത്സംഗത്തിന് ഇരയായ വ്യക്തിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ഇന്ത്യന്‍ ശിക്ഷാ നിയമം 228 എ പ്രകാരം ശിക്ഷ ഏററുവാങ്ങാവുന്ന കുറ്റമാണ്. എന്നാല്‍ കത്വ വാലി ഇന്ത്യന്‍ പീനല്‍ കോഡില്‍ ഉള്‍പ്പെടുന്നില്ല എന്നാണ് മാധ്യമങ്ങള്‍ വിശദീകരണം നല്‍കുന്നത്.
ഏപ്രില്‍ 17 നാണ് കേസ് കോടതി ഇനി പരിഗണിക്കുന്നത്. അപ്പോഴേക്കും വിഷയത്തില്‍ മന്ത്രാലയം വിശദീകരണം നല്‍കണം.