ഡോക്ടര്‍ക്ക് കൈക്കൂലി നല്‍കിയില്ല; ചികിത്സ നിഷേധിക്കപ്പെട്ട പതിനൊന്നുകാരന്‍ മരിച്ചു

Update: 2018-06-04 20:52 GMT
Editor : Jaisy
ഡോക്ടര്‍ക്ക് കൈക്കൂലി നല്‍കിയില്ല; ചികിത്സ നിഷേധിക്കപ്പെട്ട പതിനൊന്നുകാരന്‍ മരിച്ചു
Advertising

ബാന്ധയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം

ഡോക്ടര്‍ക്ക് കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്ന് ചികിത്സ നിഷേധിക്കപ്പെട്ട പതിനൊന്നുകാരന്‍ മരിച്ചു. യുപി ബാന്ധയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം.

പാഞ്ചനേഹി ഗ്രാമത്തിലെ പുഷ്പരാജ് സിംഗ് യാദവ് മരുമകന്‍ വിനോദിന് പനിയായതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച മെഡിക്കല്‍ കോളേജിലെത്തിയത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഒപി വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടര്‍ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ യാദവ് തയ്യാറായില്ല. ചികിത്സിക്കാന്‍ തയ്യാറാകാതിരുന്ന ഡോക്ടര്‍ കുട്ടിയെ മറ്റേതെങ്കിലും ആശുപത്രിയിലേക്കോ ജില്ലാ ഹോസ്പിറ്റലിലേക്കോ കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. ജില്ലാ ആശുപത്രിയിലേക്കുള്ള സ്ലിപ് ആവശ്യപ്പെട്ട് യാദവ് കുറച്ചു നേരം കാത്തിരുന്നുവെങ്കിലും പനി മൂര്‍ച്ഛിച്ച കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു.

കുട്ടിയുടെ മൃതശരീരവുമായി യാദവ് ജില്ലാ മജിസ്ട്രേറ്റ് ദിവ്യാ പ്രകാശ് ഗിരിയെ കാണുകയും ഡോക്ടര്‍മാരുടെ പെരുമാറ്റത്തെക്കുറിച്ച് പരാതി നല്‍കുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം ഉടന്‍ തന്നെ ആംബുലന്‍സില്‍ വീട്ടിലെത്തിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ കുട്ടിയുടെ നില ഗുരുതരമായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബിജേന്ദ്ര നാഥ് പറഞ്ഞു. കൈക്കൂലി ചോദിച്ചെന്നുള്ള ആരോപണത്തില്‍ വാസ്തവമില്ലെന്നും പ്രിന്‍സിപ്പാള്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News