150 ഹിന്ദു സംഘടനകളുടെ സമ്മേളനം ജൂണ്‍ 14 മുതല്‍, ലക്ഷ്യം 2023ല്‍ ഹിന്ദുരാഷ്ട്രം
ലൗ ജിഹാദ്, മതംപരിവര്‍ത്തനം, ഹിന്ദു ആരാധനാ കേന്ദ്രങ്ങളുടെ സംരക്ഷണം, ഹിന്ദു സന്ന്യാസിമാരെ അപമാനിക്കുന്നത്, ഹിന്ദുക്കളെ അകറ്റി നിര്‍ത്തുന്ന പ്രദേശങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലായിരിക്കും ഹിന്ദു സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കുക
ഹിന്ദു ജാഗ്രതി സമിതിയുടെ നേതൃത്വത്തില്‍ ജൂണ്‍ 14 മുതല്‍ 17വരെ ഗോവയില്‍ 150 ലേറെ ഹിന്ദു സംഘടനകളുടെ സമ്മേളനം നടക്കും. 2023 ആകുമ്പോഴേക്കും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയാണ് സമ്മേളത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സാമൂഹ്യ പ്രവര്‍ത്തകനും യുക്തിവാദിയുമായിരുന്ന ഡോ. നരേന്ദ്ര ദബോല്‍ക്കറിനെ വെടിവെച്ചുകൊന്ന സംഭവവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള സംഘടനകളാണ് സനാതന്‍ സന്‍സ്ഥയും ഹിന്ദു ജനജാഗ്രതി സമിതിയും. ഹിന്ദു ജാഗ്രതി സമിതിയുടെ വക്താവ് ഉദയ് ദുരിയെ ഉദ്ധരിച്ചാണ് ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
'ഹിന്ദു രാഷ്ട്രത്തിന് വേണ്ടി ശക്തമായി വാദിക്കുന്നയാളാണ് യുപിയുടെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട യോഗി ആദിത്യനാഥ്. അദ്ദേഹത്തിന്റെ വിജയം ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ഹിന്ദു രാഷ്ട്രത്തിനായി ആഗ്രഹിക്കുന്നുവെന്നാണ്. ആ ലക്ഷ്യത്തിലേക്കുള്ള സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകളായിരിക്കും ഗോവയില്‍ നടക്കുക' ദുരി പറയുന്നു. 2023ല്‍ ഹിന്ദുരാഷ്ട്രം യാഥാര്‍ഥ്യമാക്കുകയെന്ന ലക്ഷ്യത്തില്‍ ഹിന്ദു സംഘടനകള്‍ക്ക് എങ്ങനെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നതായിരിക്കും ഗോവ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുക.
ലൗ ജിഹാദ്, മതംപരിവര്‍ത്തനം, ഹിന്ദു ആരാധനാ കേന്ദ്രങ്ങളുടെ സംരക്ഷണം, ഹിന്ദു സന്ന്യാസിമാരെ അപമാനിക്കുന്നത്, ഹിന്ദുക്കളെ അകറ്റി നിര്‍ത്തുന്ന പ്രദേശങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലായിരിക്കും ഹിന്ദു സമ്മേളനത്തില്‍ചര്‍ച്ചകള്‍ നടക്കുക. ''ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനെക്കുറിച്ചായിരിക്കും ചര്‍ച്ചകള്‍ നടക്കുക. ഛത്രപതി ശിവജിയുടെ ഭരണക്കാലത്ത് എല്ലാ മതങ്ങള്‍ക്കും ലഭിച്ചിരുന്ന തുല്യ ബഹുമാനമാണ് ഞങ്ങള്‍ ഹിന്ദു രാഷ്ട്രവും ലക്ഷ്യംവെക്കുന്നത്'' ദുരി കൂട്ടിച്ചേര്‍ക്കുന്നു.
നരേന്ദ്രമോദിയെ സ്വന്തം ആളായി കരുതുമ്പോഴും തങ്ങളുടെ പല ലക്ഷ്യങ്ങളും നിറവേറ്റുന്നതില്‍ ബിജെപി സര്‍ക്കാര്‍ അശക്തമാണെന്ന് കരുതുന്നവരാണ് ഹിന്ദു ജാഗ്രതാ സമിതി. ഏക സിവില്‍കോഡ്, ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന 370 വകുപ്പ് എടുത്തുകളയല്‍, അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ ബിജെപി സര്‍ക്കാരിന് കാര്യമായൊന്നും ചെയ്യാനാകില്ലെന്നാണ് ഇവര്‍ കരുതുന്നത്.
സനാതന്‍ സന്‍സ്ഥയുടെ സ്ഥാപകനായ ഡോ. ജയന്ത് ബാലാജി അതാവലെയാണ് ഹിന്ദു ജാഗ്രതാ സമിതിയും സ്ഥാപിച്ചത്. മനശാസ്ത്രജ്ഞനായ ജയന്ത് ബാലാജി 2002 ഒക്ടോബര്‍ ഏഴിനാണ് ഹിന്ദു ജാഗ്രതാ സമിതി സ്ഥാപിച്ചത്. ഹിന്ദു സംസ്‌ക്കാരം സംരക്ഷിക്കുകയും ഹിന്ദു രാഷ്ട്രം സ്ഥാപിക്കുകയുമാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം.