കോൺഗ്രസ്സും പട്ടീദാർ അനാമത് ആന്തോളൻ സമിതിയും തമ്മിലുണ്ടായ ധാരണയിൽ വിള്ളൽ
കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിഷേധവുമായി പാസ് പ്രവർത്തകർ രംഗത്തു വന്നു. പലയിടങ്ങളിലും പാസ്-കോൺഗ്രെസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായി.
ഗുജറാത്തിൽ കോൺഗ്രസ്സും പട്ടീദാർ അനാമത് ആന്തോളൻ സമിതിയും തമ്മിലുണ്ടായ ധാരണയിൽ വിള്ളൽ. കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിഷേധവുമായി പാസ് പ്രവർത്തകർ രംഗത്തു വന്നു. പലയിടങ്ങളിലും പാസ്-കോൺഗ്രെസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായി. ഇതോടെ തെരെഞ്ഞെടുപ്പ് ധാരണയുടെ ഒദ്യോഗിക പ്രഖ്യാപനം ഹർദിക് പട്ടേൽ നടത്തുന്ന കാര്യം സംശയത്തിലായി.
സംവരണ വിഷയങ്ങളിൽ അടക്കം ധാരണയിലെത്തിയതായി ഇന്നലെ രാത്രി കോൺഗ്രസ് പട്ടേൽ നേതാക്കൾ അറിയിച്ചിരുന്നു. ശേഷം 77 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. തൊട്ട് പിന്നാലെയാണ് പ്രതിഷേധവുമായി പട്ടീദാർ അനാമത് ആന്ദോളൻ സമിതി എത്തിയത്. സൂറത്തിലെ കോൺഗ്രെസ് ആസ്ഥാനത്തിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുമായി ഇവർ ഏറ്റുമുട്ടി. പട്ടീദാർ സമിതിക്ക് അർഹമായ പ്രാതിനിധ്യം നൽകാതെ കോൺഗ്രെസ് വഞ്ചിച്ചുവെന്ന് പട്ടീദാർ പ്രവർത്തകർ ആരോപിച്ചു. ഇന്നലെ പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ 20 പേർ പട്ടേൽ സമുദായക്കാരാണ്. ഇതിൽ മൂന്ന് പേരാണ് പട്ടീദാർ സമിതിക്കാർ. 20 സീറ്റുകൾ വരെ പട്ടീദാർ സമിതിക്കാർ ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. പരമാവധി 5 സീറ്റുകൾ വരെ നൽകാമെന്നാണ് കോൺഗ്രസിന്റെ വാഗ്ദാനമെന്നറിയുന്നു. കോൺഗ്രെസ്സുമായി ഉണ്ടാക്കിയ ധാരണയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രാജ്കോട്ടിൽ ഹർദിക് പട്ടേൽ നടത്തുമെന്നാണ് ഇന്നലെ അറിയിച്ചിരുന്നത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പ്രഖ്യാപനം ഇന്നുണ്ടാകുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വവും തുടരുകയാണ്.