രണ്ട് പതിറ്റാണ്ട് നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രജനിയുടെ രാഷ്ട്രീയ പ്രവേശം
ആരാധകര്‍ക്ക് പലകുറി പ്രതീക്ഷ നല്‍കി, ഒടുവില്‍ കളത്തിലിറങ്ങുമ്പോള്‍ നിര്‍ണായക നീക്കങ്ങള്‍ക്കായിരിക്കും തമിഴക രാഷ്ട്രീയം വേദിയാവുക
രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശത്തോടെ രണ്ട് പതിറ്റാണ്ട് നീണ്ട അഭ്യൂഹങ്ങള്‍ക്കാണ് വിരാമമാകുന്നത്. ആരാധകര്‍ക്ക് പലകുറി പ്രതീക്ഷ നല്‍കി, ഒടുവില്‍ കളത്തിലിറങ്ങുമ്പോള്‍ നിര്‍ണായക നീക്കങ്ങള്‍ക്കായിരിക്കും തമിഴക രാഷ്ട്രീയം വേദിയാവുക.
ജയലളിതയുടെ മരണത്തോടെയാണ് രജനികാന്തിന്റെ രാഷ്ട്രീയപ്രവേശം സജീവ ചര്‍ച്ചയായത്. 1995ല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു ആദ്യ രാഷ്ട്രീയ ഇടപെടല്‍. എന്നാല്‍ അടുത്ത വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ സഖ്യത്തില്‍ പ്രതിഷേധിച്ച് രജനി കോണ്‍ഗ്രസ് സഹകരണം അവസാനിപ്പിച്ചു. ജയലളിത വീണ്ടും അധികാരത്തിലെത്തിയാല്‍ ദൈവത്തിന് പോലും തമിഴ്നാടിനെ രക്ഷിക്കാനാകില്ലെന്നായിരുന്നു അന്നത്തെ പഞ്ച് ഡയലോഗ്.
പദവിക്ക് വേണ്ടിയായിരുന്നു രാഷ്ട്രീയപ്രവേശമെങ്കില്‍ 1996ല്‍ ആകാമായിരുന്നെന്ന ഇന്നത്തെ സൂപ്പര്‍ ഡയലോഗിലൂടെ രജനി ഈ രാഷ്ട്രീയമുഹൂര്‍ത്തമാണ് ഓര്‍മ്മിപ്പിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം തമിഴ്നാട് തൂത്തുവാരി. അണ്ണാമലൈ എന്ന ചിത്രത്തില്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന രജനിയുടെ ചിത്രമായിരുന്നു ഡിഎംകെ സഖ്യത്തിന്റെ പ്രധാന പ്രചാരണചിത്രം. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും നിലപാട് മാറ്റി. ബിജെപി-അണ്ണാഡിഎംകെ സഖ്യത്തിനായിരുന്നു ഇത്തവണ പിന്തുണ. എന്നാല്‍ പിന്നീടങ്ങോട്ട് സ്റ്റൈല്‍ മന്നന്‍ രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് അകലം പാലിച്ചു. നരേന്ദ്രമോദിയുടെ അധികാരാരോഹണത്തോടെ ബിജെപിയില്‍ ചേരുമെന്ന പ്രചാരണമായിരുന്നു പിന്നീട്.
മോദിയുമായുള്ള കൂടിക്കാഴ്ചയോടെ ആരാധകര്‍ രജനിയുടെ രാഷ്ട്രീയപ്രവേശം ഉറപ്പിച്ചു. കഴിഞ്ഞ മെയ് മാസം നടന്ന ആരാധക സംഗമത്തോടെ അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചന നല്‍കി. രജനിപടങ്ങള്‍ പോലെ തന്നെ രാഷ്ട്രീയപ്രവേശവും സൂപ്പര്‍ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് സ്റ്റൈല്‍മന്നന്റെ ആരാധകര്‍.