അദാനിക്ക് യുപിഎ സര്‍ക്കാര്‍ ചുമത്തിയ 200 കോടിയുടെ പിഴ പിന്‍വലിക്കാന്‍ കേന്ദ്ര നീക്കം

Update: 2018-06-05 22:22 GMT
അദാനിക്ക് യുപിഎ സര്‍ക്കാര്‍ ചുമത്തിയ 200 കോടിയുടെ പിഴ പിന്‍വലിക്കാന്‍ കേന്ദ്ര നീക്കം
Advertising

അദാനി ഗ്രൂപ്പ് പരിസ്ഥിതിക്ക് കോട്ടം വരുത്തിയിട്ടില്ലെന്നും നിയമ ലംഘനം നടത്തിയിട്ടില്ലെന്നുമാണ് കേന്ദ്രത്തിന്‍റെ നിലപാട്.

പാരിസ്ഥിതിക നാശം വരുത്തിയതിന് അദാനി ഗ്രൂപ്പിന്‍റെ മുദ്ര തുറമുഖത്തിന് ചുമത്തിയ 200 കോടിയുടെ പിഴ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. അദാനി ഗ്രൂപ്പ് പരിസ്ഥിതിക്ക് കോട്ടം വരുത്തിയിട്ടില്ലെന്നും നിയമ ലംഘനം നടത്തിയിട്ടില്ലെന്നുമാണ് കേന്ദ്രത്തിന്‍റെ നിലപാട്. യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ് അദാനി ഗ്രൂപ്പ് നിയമലംഘനം നടത്തിയതായും പരിസ്ഥിതിക്ക് കോട്ടം വരുത്തിയതായും കണ്ടെത്തി വിദഗ്ധ സമിതി പിഴയിട്ടത്.

2009ലാണ് ഗുജറാത്തിലെ കച്ചില്‍ മുദ്ര തുറമുഖം അദാനി ഗ്രൂപ്പ് നിര്‍മിക്കാനാരംഭിച്ചത്. 2012ല്‍ പദ്ധതിയുടെ മറവില്‍ വന്‍തോതില്‍ നിയമലംഘനങ്ങള്‍ നടന്നതായും കണ്ടലുകള്‍ നശിപ്പിച്ചതായും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തി. നാല് തുറമുഖങ്ങളില്‍ ഒരെണ്ണം നിരോധിക്കാനും സുനിത നരൈന്‍റെ നേതൃത്വത്തിലുള്ള സമിതി നിര്‍ദേശിച്ചു. പ്രദേശത്തെ പരിസ്ഥിതി പുനരുദ്ധാരണത്തിനായി 200 കോടി രൂപ പിഴ ചുമത്താനും നിര്‍ദേശിച്ചു.

എന്നാല്‍ പിന്നീട് വന്ന ബിജെപി സര്‍ക്കാര്‍ നിയമപ്രകാരം സര്‍ക്കാരിന് പിഴ ചുമത്താനാവില്ലെന്നും നിയമലംഘനം വേറെ പരിശോധിക്കുമെന്നും നിലപാട് സ്വീകരിച്ചു. തുടര്‍ന്ന് പരിസ്ഥിതി നാശം സംബന്ധിച്ച് പഠനം നടത്താന്‍ ഒരു സമിതിയേയും നിയോഗിച്ചു. ഈ സമിതി റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്‍പാണ് കമ്പനി നിയമലംഘനം നടത്തിയിട്ടില്ലെന്നും പരിസ്ഥിക്ക് യാതൊരുവിധ കേടുപാടും അദാനി ഗ്രൂപ്പ് വരുത്തിയിട്ടില്ലെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിലപാടെടുത്തത്. സമിതിയുടെ പഠനത്തിനായി 3.16 കോടി കമ്പനി ചെലവാക്കിയതായും കേന്ദ്രം പറയുന്നു.

കമ്പനിയുടെ റിപ്പോര്‍ട്ടിന്‍റെ മാത്രം അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്‍റെ നിലപാട്. അതിനോടൊപ്പം തന്നെ പ്രദേശത്ത് കപ്പലുകള്‍ പൊളിച്ചുപണിയുന്നതിനായി പുതിയ യാര്‍ഡ് നിര്‍മിക്കാനുള്ള കമ്പനിയുടെ അപേക്ഷയ്ക്ക് പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News