ആരാണ് വാജുഭായ് വാല

Update: 2018-06-05 00:53 GMT
ആരാണ് വാജുഭായ് വാല
Advertising

കര്‍ണാടകയുടെ രാഷ്ട്രീയ ഭാവിയറിയാന്‍ 80കാരനായ വാജുഭായ് വാലയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ് രാജ്യം മുഴുവന്‍.

കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണോ അതോ ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന് അനുമതി നല്‍കണോ എന്ന് ഗവര്‍ണര്‍ക്ക് തീരുമാനിക്കാം. അതുകൊണ്ടുതന്നെ കര്‍ണാടകയുടെ രാഷ്ട്രീയ ഭാവിയറിയാന്‍ 80കാരനായ വാജുഭായ് വാലയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ് രാജ്യം മുഴുവന്‍.

2014 സെപ്റ്റംബറിലാണ് നിയമബിരുദധാരിയായ വാജുഭായ് വാല കർണാടക ഗവർണറായി സ്ഥാനമേറ്റെടുക്കുന്നത്. സ്‌കൂള്‍ പഠനകാലത്തുതന്നെ ആര്‍എസ്എസ്സിന് വേണ്ടി പ്രവര്‍ത്തിച്ച വാജുഭായ് വാലയ്ക്ക് അത് പിന്നീട് രാഷ്ട്രീയത്തിലേക്കുള്ള വഴിയായി മാറുകയായിരുന്നു. 1971ലാണ് ജനസംഘില്‍ ചേരുന്നത്. 1995ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ കേശുഭായ് പട്ടേലിന്റെ അടുത്ത അനുയായിയായി വാജുഭായ് വാല മാറി. 1975 ല്‍ രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വാല 80 കളിലും 90 കളിലും മേയറായി സേവനം അനുഷ്ടിച്ചു.

1998 മുതൽ 2012 വരെ ഗുജറാത്തിൽ മന്ത്രിയായിരുന്ന കാലയളവിൽ ധനകാര്യം, തൊഴിൽ തുടങ്ങി വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2012 ഡിസംബർ മുതൽ 2014 ഓഗസ്റ്റ് വരെ ഗുജറാത്ത് നിയസഭാ സ്പീക്കറായിരുന്നു. 1985-ലാണ് ആദ്യമായി രാജ് കോട്ട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് എത്തുന്നത്. ഗുജറാത്ത് ധനമന്ത്രിയായിരുന്ന വാജുഭായ് വാല 18 തവണ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന് കീഴിലും വാജുഭായ് വാല മന്ത്രിയായിരുന്നു.

2001ല്‍ മോദിയുടെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനായി രാജ്‌കോട്ടിലെ അസംബ്ലി സീറ്റ് ഒഴിഞ്ഞു നല്‍കിയ ആളാണ് അദ്ദേഹം. രാജ്‌കോട്ടില്‍ നിന്ന് അദ്ദേഹം മുമ്പ് ഏഴു തെരഞ്ഞെടുപ്പുകളില്‍ വിജയം കൈവരിച്ചിരുന്നു. 2002 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദി മണിനഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചപ്പോള്‍ വാജുഭായ് വാല രാജ്‌കോട്ടിലേക്ക് മടങ്ങി.

Tags:    

Similar News