ബെല്ലാരിയില്‍ നിന്നുള്ള നാല് കോണ്‍ഗ്രസ് എംഎല്‍എമാരെക്കുറിച്ച് വിവരമില്ല
ജെഡിഎസ് നിയമ സഭാ കക്ഷി യോഗത്തില്‍ രണ്ട് പേര്‍ പങ്കെടുത്തില്ല.
കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം അല്‍പസമയത്തിനകം തുടങ്ങും. 58 എംഎല്‍എമാര്‍ യോഗത്തിനെത്തി. ദൂരത്തുള്ള എംഎല്‍എമാരെ വിമാനത്തില്‍ ബംഗളൂരുവില്‍ എത്തിക്കാനാണ് ശ്രമം. എന്നാല്‍ ബെല്ലാരിയിലെ നാല് എംഎല്‍എമാരെ ബന്ധപ്പെടാന്‍ കോണ്‍ഗ്രസിന് ആയില്ല. ബിജെപിയില്‍ നിന്ന് കൂറുമാറിയാണ് ഇവര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചത്. ആനന്ദ് സിംഗ്, നാഗേഷ് എന്നിവരടക്കം നാലുപേരാണ് യോഗത്തിനെത്താത്തത്. റെഡ്ഢി സഹോദരന്മാരുടെ സഹായികളായിരുന്നു ഇവര്‍. ജെഡിഎസ് നിയമ സഭാ കക്ഷി യോഗത്തില്‍ രണ്ട് എംഎല്‍ എമാര്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയാണ്
ഏതുവിധേനയും അധികാരത്തില്‍ എത്താന്‍ കര്‍ണാടകത്തില്‍ കുതിരക്കച്ചവടത്തിനൊരുങ്ങി നില്‍ക്കുകയാണ് ബിജെപി നേതൃത്വം. എംഎല്‍എമാരെ രാജിവെപ്പിച്ച് ബിജെപി ടിക്കറ്റില്‍ വീണ്ടും മത്സരിപ്പിക്കുന്നതിനായുള്ള തന്ത്രങ്ങള്‍ക്കാണ് ബിജെപി തുടക്കമിട്ടിരിക്കുന്നത്. എംഎല്‍എമാര്‍ക്ക് ഇതിനായി കോടികള്‍ വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. എംഎല്‍എമാര്‍ രാജിവെച്ച് വീണ്ടും ജനവിധി തേടുമെന്നതിനാല്‍ കൂറുമാറ്റനിരോധനം ഇതില്‍ തടസ്സമാകുകയുമില്ല.
2008ല്‍ പ്രതിപക്ഷത്തെ ഏഴ് എംഎല്‍എമാരെയാണ് ഇത്തരത്തില്‍ ബിജെപി പാര്‍ട്ടിയിലെത്തിച്ചത്. ഇതില്‍ അഞ്ചുപേര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ സീറ്റും നല്‍കി. അങ്ങനെയാണ് 224 അംഗസഭയില്‍ ബിജെപി 115 സീറ്റുമായി ഭൂരിപക്ഷം ഉറപ്പാക്കിയത്.
അതേസമയം, ബിജെപി അതിരുകടന്നാല്‍ നോക്കിയിരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി.