ഡല്‍ഹി സമരം ഒത്തുതീര്‍പ്പിലേക്ക്; ചര്‍ച്ചക്ക് തയ്യാറെന്ന് ഐഎഎസ് അസോസിയേഷന്‍
തങ്ങളുടെ സുരക്ഷയും അന്തസ്സും ഉറപ്പുവരുത്തുന്ന ഇടപെടലുകള്‍ പ്രതീക്ഷിക്കുന്നതായി ഐഎഎസ് അസോസിയഷന്‍ വ്യക്തമാക്കി..
ഡല്‍ഹി മുഖ്യമന്ത്രി കെജ്‍രിവാളുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഐഎഎസ് അസോസിയേഷന്‍. തങ്ങളുടെ സുരക്ഷയും അന്തസ്സും ഉറപ്പുവരുത്തുന്ന ഇടപെടലുകള്‍ പ്രതീക്ഷിക്കുന്നതായി ഐഎഎസ് അസോസിയഷന്‍ വ്യക്തമാക്കി. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ലെഫ്റ്റനന്‍റ ഗവര്‍ണറുടെ ഓഫീസില്‍ നിരാഹാര സമരം നടത്തിയ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ ആംആദ്മി പാര്‍ട്ടിയേയും ബിജെപിയും വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തി.
സുരക്ഷയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഭയം വേണ്ടെന്നും തന്‍റെ സര്‍ക്കാരിന് കഴിയാവുന്ന എല്ലാ സുരക്ഷിതത്വവും ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പ് വരുത്തുമെന്നും കെജ്‍രിവാള്‍ ഇന്നലെ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇത് സ്വാഗതം ചെയ്താണ് ഐഎഎസ് അസോസിയേഷന്‍ രംഗത്ത് വന്നത്. മുഖ്യമന്ത്രിയുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തങ്ങളുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്താനുള്ള ഇടപെടലുകള്‍ പ്രതീക്ഷിക്കുന്നതായി സംഘടന അറിയിച്ചു. നിരാഹാര സമരത്തിലായിരുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചിന് പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം എത്തിയത്.
എന്നാല്‍ സമരം നടത്തുന്ന മുഖ്യമന്ത്രി കെജ്‍രിവാളിനെയും മന്ത്രിമാരെയും ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചു. മറ്റൊരാളുടെ വീട്ടിലോ ഓഫീസിലോ കയറി എങ്ങനെ സമരം നടത്തുമെന്നും അതിന് ആരാണ് അധികാരം നല്‍കിയതെന്നുമായിരുന്നു കോടതിയുടെ വിമര്‍ശനം. ഡല്‍ഹിയിലെ ആംആ്ദമി ബിജെപി പോരിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും വിമര്‍ശിച്ചു. ഡല്‍ഹിയില്‍ അരാജകത്വം നടക്കുമ്പോള്‍ പ്രധാനമന്ത്രി കണ്ടില്ലെന്ന് നടക്കുകാണെന്നും ഡല്‍ഹിയിലെ ജനങ്ങളാണ് ഇതിന് ഇരകളാകുന്നതെന്നും രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. നിലവിലെ സമരങ്ങളില്‍ സമവായമായില്ലെങ്കില്‍ നാളെ പത്ത് ലക്ഷം ഒപ്പുകളുമായി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി.