പാസ്‍പോർട്ട് ലഭിക്കണമെങ്കില്‍ ഹിന്ദുമതം സ്വീകരിക്കണമെന്ന് മിശ്രവിവാഹിതരോട് പാസ്‍പോര്‍ട്ട് ഓഫീസര്‍
ഭര്‍ത്താവിന്റെ പേര് തന്റെ പേരിനോടൊപ്പം വെക്കാത്തതിന് ഓഫീസര്‍ ദേഷ്യപ്പെട്ടെന്നും യുവതി
പാസ്‍പോർട്ട് ലഭിക്കണമെങ്കില്‍ ഹിന്ദുമതം സ്വീകരിക്കണമെന്ന് മിശ്രവിവാഹിതരോട് പാസ്‍പോർട്ട് സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായി ആരോപണം. ലഖ്നൗവിലാണ് സംഭവം. തൻവി സേഥ്, അനസ് സിദ്ദിഖി എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. ആറുവയസ്സുള്ള ഒരു മകളുണ്ട് ദമ്പതികള്‍ക്ക്.
മുസ്‍ലിമായ തന്റെ ഭർത്താവ് മതം മാറിയാൽ മാത്രമേ തനിക്കും പാസ്‍പോർട്ട് കിട്ടൂവെന്ന് പറഞ്ഞ് പാസ്‍പോർട്ട് സേവാ കേന്ദ്രത്തിലെ അഞ്ചാമത്തെ കൗണ്ടറിലിരുന്ന വികാസ് മിശ്ര എന്നയാള്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് തൻവി സേഥ് പറഞ്ഞു. വിവാഹം കഴിച്ചതിനു ശേഷവും ഭര്‍ത്താവിന്റെ പേര് തന്റെ പേരിനോടൊപ്പം വെക്കാത്തതിന് അയാൾ രോഷം കൊണ്ടെന്നും എല്ലാവരുടെയും മുമ്പിൽ വെച്ച് അപമാനിച്ചെന്നും തൻവി പറയുന്നു.
അഡീഷണൽ പാസ്‍പോർട്ട് ഓഫീസറുടെ ഓഫീസിലേക്ക് തന്നെ പറഞ്ഞയച്ചെന്നും അവിടെച്ചെന്നപ്പോൾ മെയിൻ ഓഫീസ് നിൽക്കുന്ന ഗോമതിനഗറിൽ ചെല്ലണമെന്ന് ആവശ്യപ്പെട്ടതായും അവര്‍ പറയുന്നു. പാസ്‍പോർട്ടിനാവശ്യമായ എല്ലാ രേഖകളും താൻ സമർപ്പിച്ചിട്ടും എന്തുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പെരുമാറിയതെന്ന് അറിയില്ലെന്നും തൻവി വ്യക്തമാക്കി.
വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ഈ പ്രശ്നങ്ങൾ കാണിച്ച് ട്വീറ്റ് ചെയ്തെങ്കിലും നേരിട്ടുള്ള പ്രതികരണമുണ്ടായില്ല. പകരം സ്വരാജിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിജയ് ദ്വിവേദി പ്രശ്നത്തിലിടപെട്ടു. വിദേശകാര്യ മന്ത്രാലയത്തില്‍ പാസ്പോർട്ട്, വിസ കാര്യങ്ങളുടെ സെക്രട്ടറിയായ ഡി എം മുലായിയെ താൻ കാര്യങ്ങൾ ഏൽപ്പിച്ചിട്ടുണ്ടെന്ന് ദ്വിവേദി പറഞ്ഞു. ലഖ്നൗ റീജ്യണൽ പാസ്പോർട്ട് ഓഫീസും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കാണിച്ച് ട്വീറ്റിന് മറുപടി നല്‍കിയിട്ടുണ്ട്.