മോദി വിവാഹിതനല്ലെന്ന് ആനന്ദീബെന്‍; തന്റെ ഭര്‍ത്താവ് തനിക്ക് രാമന് തുല്യമെന്ന് യശോദ ബെന്‍
വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോക്ലിപ്പില്‍ എഴുതിത്തയ്യാറാക്കിയ തന്റെ മറുപടി വായിക്കുകയാണ് യശോദബെന്‍.
മധ്യപ്രദേശ് ഗവര്‍ണറും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായ ആനന്ദീബെന്‍ പാട്ടിലീന്റെ പ്രസ്താവനയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാര്യ യശോദ ബെന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി അവിവാഹിതനാണെന്നായിരുന്നു ആനന്ദീബെന്‍ പറഞ്ഞത്. മധ്യപ്രദേശിലെ ഹാര്‍ദയിലെ തിമാരിയില്‍ നടന്ന ഒരു അംഗനവാടി പരിപാടിയില്‍ വെച്ചായിരുന്നു ആനന്ദീബെനിന്റെ പ്രസ്താവന.
‘’നരേന്ദ്രബായ് വിവാഹിതനല്ല, പക്ഷേ, ജനനസമയത്തിന് മുമ്പും ശേഷവും സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന വേദനയും പ്രശ്നങ്ങളും അദ്ദേഹത്തിന് മനസ്സിലാകു’’മെന്നായിരുന്നു ആനന്ദീബെന്‍ ചടങ്ങിനിടെ പറഞ്ഞത്.
മോദി അവിവാഹിതനാണെന്ന ഈ പ്രസ്താവന കള്ളമാണെന്ന് പറഞ്ഞുകൊണ്ടാണ് യശോദ ബെന്‍ രംഗത്തെത്തിയിരിക്കുന്നത്. വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോക്ലിപ്പില്‍ എഴുതിത്തയ്യാറാക്കിയ തന്റെ മറുപടി വായിക്കുകയാണ് യശോദബെന്‍. തനിക്ക് തന്റെ ഭര്‍ത്താവ് രാമന് തുല്യമാണെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്ന പ്രസ്താവനകള്‍ ആരായാലും അവസാനിപ്പിക്കണമെന്നും അവര്‍ പറയുന്നു. യശോദ ബെനിനെ അപമാനിക്കുന്നത് പ്രധാനമന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അവര്‍ പറയുന്നു.
വടക്കന്‍ ഗുജറാത്തിലെ ഉഞ്ചയില്‍ വെച്ച് ബന്ധുക്കളിലാരുടെയോ ഫോണില്‍ ചിത്രീകരിച്ചതാണ് വീഡിയോ. ജനങ്ങള്‍ സത്യം അറിയണം എന്ന് തോന്നിയതുകൊണ്ടാണ് താന്‍ തനിക്ക് പറയാനുള്ളത് വീഡിയോയിലൂടെ പറഞ്ഞതെന്ന് അവര്‍ പറയുന്നു. ആനന്ദീബെന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രധാനമന്ത്രിയുടെ ഭാര്യയെന്ന നിലയ്ക്ക് തനിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയ ആളാണ്. എന്നിട്ടും ഇത്തരമൊരു പ്രസ്താവന അവരുടെ ഭാഗത്തുനിന്നുണ്ടായത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് യശോദ ബെന്‍ പറയുന്നു. സത്യം എന്നും സത്യമായി അവശേഷിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യശോദബെന്‍ നരേന്ദ്രകുമാര്‍ മോദിയെന്നാണ് അവര്‍ വീഡിയോയില്‍ സ്വയം പരിചയപ്പെടുത്തുന്നത്. വിലകൂടിയ സാരിയും താലിയും ധരിച്ചിട്ടുമുണ്ട്. വഡോദരയിലെയും വാരണാസിയിലെയും തെരഞ്ഞെടുപ്പ് പത്രികയില്‍ ഭാര്യയുടെ പേരിന്റെ സ്ഥാനത്ത് മോദി തന്റെ പേര് ചേര്‍ത്തിട്ടുണ്ടെന്നും അവര്‍ പറയുന്നു.
10 സെക്കന്റ് മാത്രമുള്ള മറ്റൊരു വീഡിയോയില്‍ മോദിയുടെ പേര് പറയാതെയാണ് പരാമര്‍ശം. ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയാണ്. ഇനിയും അദ്ദേഹത്തിന്റെ ഭാര്യയായിരിക്കുകയും ചെയ്യും. അദ്ദേഹം വിവാഹിതനാണെന്നത് ശരിയാണെന്നും ആ വീഡിയോയിലുണ്ട്
നരേന്ദ്രമോദി-യശോധബെന്‍ വിവാഹം ശൈശവ വിവാഹമായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹിതനായെങ്കിലും പിന്നീട് മോദി വീട് വിട്ടുപോകുകയായിരുന്നു. കുറച്ചു കാലം മോദിയുടെ വീട്ടുകാര്‍ക്കൊപ്പം താമസിച്ച യശോദബെന്‍ പിന്നീട് സ്വന്തം വീട്ടിലേക്ക് തന്നെ തിരിച്ചുപോകുകയായിരുന്നു.