ജാര്‍ഖണ്ഡില്‍ 5 വനിതാ ആക്ടിവിസ്റ്റുകളെ കൂട്ടബലാത്സംഗം ചെയ്തു
തോക്കിന്‍മുനയില്‍ നിര്‍ത്തിയായിരുന്നു കൂട്ടബലാത്സംഗം. ബലാത്സംഗത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും പരാതിപ്പെട്ടാല്‍ ഇവ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും
ജാര്‍ഖണ്ഡിലെ ആദിവാസി മേഖലയില്‍ ബോധവത്കരണ കാമ്പയിന്‍ സംഘടിപ്പിച്ച അഞ്ച് വനിതാ ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു. വനിതാ സംഘത്തിനൊപ്പം ഉണ്ടായിരുന്ന പുരുഷന്‍മാരെ മര്‍ദിച്ച് അവശരാക്കിയ ശേഷമാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. തോക്കിന്‍മുനയില്‍ നിര്‍ത്തിയായിരുന്നു കൂട്ടബലാത്സംഗം. അക്രമികള്‍ ബലാത്സംഗത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും പരാതിപ്പെട്ടാല്‍ ഇവ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാര്‍ പൊലീസിന് മൊഴി നല്‍കി.
പ്രാദേശിക ക്രിസ്ത്യന്‍ മിഷനറിമാരുടെ പിന്തുണയോടെയാണ് 11 അംഗ ആക്ടിവിസ്റ്റുകള്‍ റാഞ്ചിയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള കുന്തി ജില്ലയില്‍ ബോധവത്കരണ പരിപാടികള്‍ക്കായി എത്തിയത്. മനുഷ്യക്കടത്തിനെതിരെ ഇവര്‍ കൊച്ചാങില്‍ തെരുവു നാടകവും അവതരിപ്പിച്ചു. നാടകം പുരോഗമിക്കുന്നതിനിടെയാണ് ആയുധങ്ങളുമായി ബൈക്കുകളിലെത്തിയ ഒരു സംഘം അക്രമികള്‍ പുരുഷന്‍മാരെ മര്‍ദിച്ച് അവശരാക്കിയ ശേഷം സ്ത്രീകളെ തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയത്. ഇവരെ കൂട്ടബലാത്സംഗം ചെയ്ത ശേഷം മൂന്നു മണിക്കൂര്‍ കഴിഞ്ഞ് വനത്തില്‍ ഉപേക്ഷിച്ചു. ഇവര്‍ക്കൊപ്പം രണ്ടു കന്യാസ്ത്രീകളുമുണ്ടായിരുന്നു. ഇവരെ ഉപദ്രവിക്കാതെ വിട്ടയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണത്തിനായി മൂന്നു ടീമുകള്‍ക്ക് രൂപം നല്‍കിയതായി പൊലീസ് അറിയിച്ചു.