അസമില്‍ വീണ്ടും സദാചാര പൊലീസ് അതിക്രമം; കമിതാക്കളെ തല്ലിച്ചതച്ചു, യുവതിയുടെ തല മൊട്ടയടിച്ചു

അസമിലെ നാഗോണ്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്

Update: 2018-06-25 06:51 GMT
Advertising

അസമില്‍ യുവതീയുവാക്കള്‍ക്ക് നേരെ സദാചാര പൊലീസിന്റെ അതിക്രമം. അവിഹിതമാണെന്നാരോപിച്ച് ഇവരെ രാത്രി മുഴുവന്‍ മര്‍ദ്ദിക്കുകയും യുവതിയുടെ തല മൊട്ടയടിക്കുകയും ചെയ്തു. അസമിലെ നാഗോണ്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഞായറാഴ്ച പൊലീസിന് കൈമാറുമ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.

ഇവരെ ആദ്യം കത്തിയോട്ടലിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് നാഗോണ്‍ ഭോഗേശ്വരി ഫുകനാനി സിവില്‍ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അഞ്ജതാനായ ആള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അറിയുന്നത്. ഉടന്‍ തന്നെ സ്ഥലത്തെത്തി ഇവരെ രക്ഷിക്കുകയായിരുന്നുവെന്ന് നഗോണ്‍ എഎസ്പി രിപുല്‍ ദാസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

തുബുക്കി ഗ്രാമത്തിലുള്ള യുവാവ് ജുര്‍മുറിലെ യുവതിയുടെ വീട് രാത്രിയില്‍ സന്ദര്‍ശിച്ചതാണ് ഗ്രാമീണരെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ‘ഇവര്‍ തമ്മില്‍ ‘അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ഗ്രാമവാസികള്‍ സ്ഥലത്ത് തടിച്ചു കൂടുകയും ഇരുവരെയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. രണ്ട് പേരും വിവാഹിതരാണെന്നും ഇവര്‍ തങ്ങളുടെ പങ്കാളികളെ ചതിക്കുകയാണെന്നുമായിരുന്നു ഗ്രാമവാസികളുടെ വാദം.

അസമില്‍ ഈ മാസത്തിനിടയില്‍ ഇത് മൂന്നാമത്തെ സംഭവമാണ്. ജൂണ്‍‌ 18ന് ഫുകാര്‍പൂര്‍ ഗ്രാമത്തില്‍ ബൈക്കില്‍ പോവുകയായിരുന്ന കമിതാക്കളെ നാട്ടുകാര്‍ വളഞ്ഞിട്ട് ആക്രമിച്ചു. ജൂണ്‍ 8ന് വെള്ളച്ചാട്ടം കാണാന്‍ പോയ് നിലോത്പല്‍ ദാസ്, അഭിജിത് നാഥ് എന്നിവരെ പ്രദേശവാസികള്‍ വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയവരാണെന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചത്.

Tags:    

Similar News