വധഭീഷണി ? മോദിയുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കി; മന്ത്രിമാര്‍ക്ക് പോലും അടുക്കാനാവില്ല !

സുരക്ഷാസംഘം അനുവദിക്കാതെ മന്ത്രിമാരടക്കമുള്ളവര്‍ പോലും മോദിയുടെ സമീപത്തേക്ക് വരാനനുവദിക്കരുതെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്നു.

Update: 2018-06-26 11:00 GMT
Advertising

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കി ആഭ്യന്തര മന്ത്രാലയം. വധഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. സുരക്ഷാസംഘം അനുവദിക്കാതെ മന്ത്രിമാരടക്കമുള്ളവര്‍ പോലും മോദിയുടെ സമീപത്തേക്ക് വരാനനുവദിക്കരുതെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. മന്ത്രിമാരും ഉദ്യോഗസ്ഥരുമടക്കം ആരെയും തന്നെ സുരക്ഷയൊരുക്കുന്ന എന്‍.എസ്.ജി യുടെ അനുമതിയില്ലാതെ പ്രധാനമന്ത്രിക്കരികിലേക്ക് കടത്തിവിടരുതെന്നാണ് നിര്‍ദേശം. പ്രധാനമന്ത്രിയുടെ സുരക്ഷ ക്രമീകരണങ്ങള്‍ പരിശോധിക്കുന്ന ക്ലോസ് പ്രൊട്ടക്ഷന്‍ ടീമിന്റെ പ്രത്യേക അവലോകന യോഗം വിളിച്ചുചേര്‍ത്ത ശേഷമാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.

ഇതിനുപുറമെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ എന്നിവരുമായും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രത്യേകം കൂടിക്കാഴ്‍ച നടത്തി. പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടുള്ള കത്ത് പിടിച്ചെടുത്തുവെന്ന് പൂനെ പൊലീസ് കോടതിയെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം. അക്രമസാധ്യതയേറെയുള്ളതിനാല്‍ റോഡ് ഷോകള്‍ ഒഴിവാക്കാന്‍ മോദിയോട് എന്‍.എസ്.ജി നിര്‍ദേശിച്ചതായും സൂചനകളുണ്ട്.

സുരക്ഷാഭീഷണിയേറെയുണ്ടെന്ന് വിലയിരുത്തപ്പെടുന്ന ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്ത് കൂടുതല്‍ ജാഗ്രത പാലിക്കാനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചെങ്കിലും ആരില്‍ നിന്നാണ് പ്രധാനമന്ത്രിക്ക് വധഭീഷണിയെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

Tags:    

Similar News