സ്വിസ് ബാങ്കിലെ നിക്ഷേപം കള്ളപ്പണമാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് കേന്ദ്രം 

തുടര്‍ച്ചയായ മൂന്ന് വര്‍ഷം ഇടിവുണ്ടായശേഷമാണ് സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം കഴിഞ്ഞ വര്‍ഷം 50 ശതമാനം വര്‍ദ്ധിച്ചത്. 

Update: 2018-06-29 11:34 GMT
Advertising

സ്വിസ് ബാങ്കില്‍ ഇന്ത്യന്‍ നിക്ഷേപം പെരുകിയത് കള്ളപ്പണം മൂലമാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനം സ്വിറ്റ്സര്‍ലന്‍റ് വിശദാംശങ്ങള്‍ കൈമാറിയ ശേഷമേ ഇക്കാര്യം ഉറപ്പിക്കാനാവൂവെന്നും ധനകാര്യ മന്ത്രാലയത്തിന്‍റെ താല്‍ക്കാലിക ചുമതലവഹിക്കുന്ന പിയുഷ് ഗോയല്‍ വ്യക്തമാക്കി. അതേസമയം കള്ളപ്പണം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

തുടര്‍ച്ചയായ മൂന്ന് വര്‍ഷം ഇടിവുണ്ടായ ശേഷമാണ് സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം കഴിഞ്ഞ വര്‍ഷം 50 ശതമാനം വര്‍ദ്ധിച്ചത്. എന്നാലിത് കള്ളപ്പണമോ അനധികൃത സാമ്പത്തിക ഇടപാടാണോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്. ‌‌3200 കോടിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഇന്ത്യക്കാരുടേതായി സ്വിസ് ബാങ്കിലെത്തിയത്.

കള്ളപ്പണത്തിനെതിരെ നടപടിയെടുക്കുന്നുവെന്ന കേന്ദ്രത്തിന്‍റെ വാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് കണക്കുകളെന്ന് പ്രതിപക്ഷവും ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയും ആരോപിച്ചു. നോട്ട് നിരോധനം കള്ളപ്പണം ഇല്ലാതാക്കുമെന്ന് പറഞ്ഞ മോദി ഇപ്പോള്‍ അവകാശപ്പെടുന്നത് സ്വിസ് ബാങ്കിലുള്ളത് കള്ളപ്പണമല്ലെന്നാണോ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.

Tags:    

Similar News